പത്തനംതിട്ട – പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ നടക്കുന്ന മാരാമൺ കൺവെൻഷന് ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പുവരുത്തും.
സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പോലിസ് ഉൾപ്പടെയുള്ളവരെ വിന്യസിക്കും.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പട്രോളിങ് ശക്തമാക്കും. പാർക്കിംഗ് സ്ഥലം ക്രമീകരിക്കാനായി പോലീസ്, പഞ്ചായത്ത് അധികൃതർ, കൺവെൻഷൻ പ്രതിനിധികൾ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തും. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി, നെടുമ്പ്രയാർ തുടങ്ങിയ കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കൺവെൻഷൻ നഗറിൽ താൽക്കാലിക ഡിസ്‌പെൻസറിയും ആംബുലൻസ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും.
കൺവെൻഷൻ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് നിരത്ത് വിഭാഗം അടിയന്തരമായി പൂർത്തിയാക്കും.
താൽക്കാലിക പന്തലിന്റെയും സ്റ്റേജിന്റെയും സുരക്ഷ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. ഫയർഫോഴ്‌സിന്റെ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്‌ക്യൂബ ഡ്രൈവിംഗ് ടീമും സജ്ജമാക്കും. വാട്ടർ അതോറിറ്റി ജലലഭ്യത ഉറപ്പാക്കും. ശുചീകരണ പ്ലാന്റുകളും കിയോസ്‌കുകളും സജ്ജമാക്കും. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് സ്‌പെഷ്യൽ സർവീസുകൾ ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സർവീസും ഉണ്ടാകും.
ഗ്രാമപഞ്ചായത്തുകൾ ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. റോഡിലേക്ക് ഇറക്കിയുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തും. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കും. കൺവെൻഷൻ നഗറിലും പരിസരങ്ങളിലും എക്‌സൈസ് പെട്രോളിങ് ശക്തമാക്കും. വ്യാജ മദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന തുടങ്ങിയവ തടയുന്നതിനുള്ള കർശന നടപടി സ്വീകരിക്കും.
ബിഎസ്എൻഎൽ തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനവും മൊബൈൽ കവറേജും ഉറപ്പാക്കും. കൺവെൻഷൻ ആരംഭിക്കുന്നതിനു മുൻപ് വീണ്ടും യോഗം ചേർന്ന് ക്രമീകരണങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അടൂർ ആർഡിഒ യെ കോഡിനേറ്റർ ആയി ചുമതലപ്പെടുത്തി.
ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, തിരുവല്ല സബ് കലക്ടർ സുമിത്ത് കുമാർ ഠാക്കൂർ, എ ഡി എം ബി. ജ്യോതി, അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ, ഡി എം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, ആറ•ുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, മാർത്തോമ ഇവാഞ്ചലിക് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, മറ്റ് ചുമതലക്കാരായ പ്രൊഫ. എബ്രഹാം പി. മാത്യു, റവ. ജിജി വർഗീസ്, ഡോ. എബി തോമസ് വാരിക്കാട് , ടിജു എം ജോർജ്, ജോർജ് കെ നിനാൻ, പി പി അച്ചൻ കുഞ്ഞ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .


