പത്തനംതിട്ട – വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡൽ സിഡിഎസിൽപഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. 20 കുടുംബങ്ങൾ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്.
വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങൾ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാർഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവർത്തനങ്ങൾ. സന്തോഷസൂചിക കണ്ടെത്താൻ പ്രത്യേക പ്രവർത്തനങ്ങളും പരിശീലനവുമുണ്ടാകും. മോഡൽ സി.ഡി.എസ്സികളിലെ അടുത്തടുത്തുള്ള 20 വീടുകൾ ചേർന്നതാണ് ഇടം.
സാമൂഹ്യപ്രവർത്തകർ, കൗൺസിലർമാർ, പോഷകാഹാരവിദഗ്ധർ, വിരമിച്ചഅധ്യാപകർ, വിവിധവിഷയങ്ങളിൽ അനുഭവസമ്പത്തുള്ളവർ തുടങ്ങിയവരാണ് റിസോഴ്സ്പേഴ്സൺമാർ. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തനം.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്പോർട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങൾ തുടങ്ങിയവിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തിൽ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും.
ജില്ലയിൽ പദ്ധതിചുമതല കുടുംബശ്രീയുടെ ജെൻഡർ, എഫ്.എൻ.എച്ച്.ഡബ്ല്യൂ വിഭാഗത്തിനാണ്. വ്യക്തികളുടെ മാനസികാരോഗ്യ സംരക്ഷണം, സൗഹൃദകുടുംബാന്തരീക്ഷം സൃഷ്ടിക്കൽ, കലാ-കായിക സാംസ്‌കാരികരംഗത്തെപങ്കാളിത്തം, കുടുംബങ്ങളിൽ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ് തുടങ്ങിയവയ്ക്കും പദ്ധതി മുഖ്യപരിഗണന നൽകും. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് ആദില, ജെൻഡർ പ്രോഗ്രാം മാനേജർ പി ആർ അനുപ, ജനപ്രതിനിധികൾ, സിഡിഎസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു


