അറബി ഭാഷ സംരക്ഷിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹത്തരം: അലി അൽ ഹാശിമി

World
Print Friendly, PDF & Email

അബുദാബി: അറബി ഭാഷയുടെ സംരക്ഷണത്തിനും സാഹിത്യ വികാസത്തിനും കേരള ജനത വഹിച്ച പങ്ക് മഹത്തരമാണെന്ന് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അൽ ഹാശിമി പറഞ്ഞു. ഈ ഭാഷ പഠിക്കാനും അതിന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കുന്നതിലും മലയാളി സമൂഹം കാണിക്കുന്ന ഉത്സാഹം ശ്രദ്ധേയമാണ്. അറബ് സാഹിത്യ കൃതികൾ ഇമാറാത്തിൽ ജനകീയമാക്കുന്നതിലും കേരളീയ സമൂഹം ഏറെ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഐഐസി ലിറ്റററി അവാർഡ് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സമർപിച്ച് സംസാരിക്കുകയായിരുന്നു അലി അൽ ഹാശിമി.

അറബ് നാടുകളും ഇന്ത്യയുമായുള്ള പുരാതന വാണിജ്യ ബന്ധത്തിലൂടെ വളർത്തിയെടുത്ത സാംസ്‌കാരിക പൈതൃകം ഇന്നും കേരള ജനത കാത്തുസൂക്ഷിക്കുന്നു. അറബ് ദേശത്തോട് ചേർന്ന് നിന്ന് കൊണ്ട് കേരളം അഭിമാനകരമായ വളർച്ചയാണ് കൈവരിച്ചത്. നിരവധി തവണ കേരളം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കേരളം അറബ് സമൂഹത്തോടും അറബി ഭാഷയോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും നേരിൽ അനുഭവിക്കാൻ കഴിഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരപോരാട്ടം അഭിമാനത്തോടെ ഓർത്തെടുക്കുകയാണ്. യുഎഇയുടെ രാഷ്ട്രപിതാവ് ഇന്ത്യൻ ജനതയോട് കാണിച്ചിരുന്ന സ്‌നേഹം ഇവിടെ സ്മരിക്കുകയാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തുടർന്ന് യുഎഇ ഭരണാധികാരികൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള പുതിയ തലമുറയുമായി ആ ബന്ധം തുടരുന്നു. കേരള സമൂഹത്തോടെ ഇമാറാത്ത് എല്ലാ കാലത്തും ഊഷ്മളമായ അടുപ്പം കാണിക്കുമെന്നും ശൈഖ് അലി അൽ ഹാശിമി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഐഐസി പ്രസിഡന്റൻ പി.ബാവഹാജി അധ്യക്ഷനായി. ചന്ദ്രിക മുൻ പത്രാധിപർ സിപി സൈതലവി, അബ്ദുറഹ്മാൻ മങ്ങാട്,അബുദാബി പൊലീസ് പ്രധിനിധികളായ അലി സബീൽ അബ്ദുൽ കരീം,ആയിഷ ഷെഹ,യു.അബ്ദുല്ല ഫാറൂഖി,അബൂബക്കർ കുറ്റിക്കോൽ,ബി.സി അബൂബക്കർ,അഷ്‌റഫ് തൂണേരി പങ്കെടുത്തു.
ഐഐസി ജനറൽ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂർ സ്വാഗതം പറഞ്ഞു. മാപ്പിള ഹെറിറ്റേജ് ലൈബ്രറി പ്രസിദ്ധീകരിച്ച അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം ശൈഖ് അലി അൽ ഹാഷിമി അബൂബക്കർ കുറ്റിക്കോലിന് നൽകി പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *