പത്തനംതിട്ട – ജനുവരി 26ന് രാജ്യമെങ്ങും ആഘോഷിക്കുന്ന റിപബ്ലിക് ദിനം ജില്ലയിലും കുറ്റമറ്റ നിലയിൽ സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ. ആഘോഷങ്ങളുടെ തയ്യാറെടുപ്പ് ചർച്ച ചെയ്യാനായി ചേമ്പറിൽ നടത്തിയ പ്രാഥമികതല യോഗത്തിൽ അധ്യക്ഷനായ ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് വിവിധ ചുമതലകളും വീതിച്ചുനൽകി.
കാത്തോലിക്കറ്റ് കോളജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ ദിനാഘോഷം. വിവിധ സേനാവിഭാഗങ്ങളുടെ പരേഡിൽ തുടങ്ങി വിദ്യാർഥികളുടെ ഡിസ്പ്‌ളേ, ദേശഭക്തിഗാനാലാപനം തുടങ്ങി വർണാഭമായ ചടങ്ങുകൾക്കാണ് തയ്യാറെടുക്കുന്നത്. 22 നാണ് റിഹേഴ്‌സൽ. ഘരിതചട്ടം പാലിച്ചാണ് സംഘാടനം. കോഴഞ്ചേരി തഹസിൽദാർക്കാണ് പൊതുഏകോപന ചുമതല.
എല്ലാ സ്‌കൂളുകളിലും ആഘോഷപരിപാടി സംഘടിപ്പിക്കണം; വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉറപ്പാക്കേണ്ടത്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരെല്ലാം ജില്ലാതല ആഘോഷത്തിന്റെ ഭാഗമാകണം. പഞ്ചായത്ത്-മുനിസിപൽ സെക്രട്ടറിമാർ, ജില്ലാ സപ്ലൈ ഓഫീസർ എന്നിവരെയാണ് ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് നിയോഗിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരം സുരക്ഷിതമെന്ന് ഉറപ്പാക്കണം. പന്തൽ, വേദി, ശബ്ദം, വെളിച്ചം തുടങ്ങിയവയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്കാണ് ചുമതല. ആരോഗ്യവകുപ്പ് ആംബുലൻസ്, ആരോഗ്യസംഘം എന്നിവ ഉറപ്പാക്കണം തുടങ്ങിയ സുപ്രധാന ചുമതലകളും അനുബന്ധ പ്രവർത്തനങ്ങളുമാണ് വിവിധ വകുപ്പുകൾക്കായി വിഭജിച്ച് നൽകിയതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. എ.ഡി.എം ബി.ജ്യോതി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

