സന്നിധാനം – ശബരിമല മണ്ഡല പൂജയും മകരവിളക്ക് മഹോത്സവവും കണക്കിലെടുത്ത് പമ്പാ നദിയെ മാലിന്യ മുക്തമാക്കുക ലക്ഷ്യമിട്ട് ശക്തമായ നടപടികൾ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. ഇതിൻ്റെ ഭാഗമായി പമ്പാ ഗണപതി കോവിലിന് താഴെയുളള പമ്പാ മണപ്പുറത്തിന് എതിർവശത്തായുള്ള വലിയ ഗാബിയോൺ വാളിലും ത്രിവേണി പാലത്തിലും നടപ്പാലത്തിനും ഇടയിലെ സ്നാനഘട്ടത്തിന് എതിർവശത്തെ കൽക്കെട്ടുകളിലും വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് പമ്പനനദിയെ മലിനമാക്കുന്നത് തടയുക ലക്ഷ്യമിട്ട് 230 മീറ്റർ നീളത്തിൽ കൂറ്റൻ ബോധവൽക്കരണ ബാനറുകൾ സ്ഥാപിച്ചു. പത്തനംതിട്ട ശുചിത്വ മിഷന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്ലീൻ പമ്പാ -സിഗ്നേച്ചർ ക്യാമ്പയിനോടെ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ബാനറുകൾ തയ്യാറാക്കിയിട്ടുള്ളത്.

ആറ് ഭാഷകളിൽ സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുളള 230 മീറ്റർ നീളം വരുന്ന 12 ബാനറുകളാണ് പമ്പാ സ്നാനഘട്ടത്തിൽ ശുചിത്വ മിഷൻ സ്ഥാപിച്ചത്. ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ്, ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ, മേജർ ഇറിഗേഷൻ ഉന്നത ഉദ്യോഗസ്ഥർ, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പമ്പാ സ്നാന ഘട്ടത്തിൽ സ്ഥാപിച്ച ക്ലീൻ പമ്പാ- സിഗ്നേച്ചർ ക്യാമ്പയിൽ ക്യാൻവാസിൽ ബോധനവൽക്കരണ ബാനറിലെ സന്ദേശങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം ശബരിമല തീർത്ഥാടകർ കൈയൊപ്പ് ചാർത്തി ക്യാമ്പയിന്റെ ഭാഗമായി. ഏഴോളം ഭാഷകളിലായി ക്യാൻവാസിൽ കൈയ്യൊപ്പുകൾ പതിഞ്ഞു.
ശബരിമല മണ്ഡല പൂജയും മകരവിളക്കും മഹോത്സവവും കണക്കിലെടുത്ത് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വ്യക്തമാക്കി. രാത്രിയിലും മികച്ച രീതിയിൽ സ്നാന ഘട്ടിൽ നിൽക്കുന്നവർക്ക് ശുചിത്വ സന്ദേശങ്ങൾ വായിച്ച് മനസ്സിലാക്കാൻ കഴിയും വിധമുളള കൂറ്റൻ ബോധവൽക്കരണ ബാനറുകളാണ് ശുചിത്വ മിഷൻ സ്ഥാപിച്ചിരിക്കുന്നത്.

ജില്ലാ ശുചിത്വ മിഷൻ പമ്പാ നദിയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് തടയാനായി നിയോഗിച്ചിട്ടുളള ഗ്രീൻ ഗാർഡുകളും പരിപാടിയുടെ ഭാഗമായി. മണ്ഡല പൂജയും മകരവിളക്ക് ഉത്സവവും വരുന്നതിനാൽ പമ്പയിലും ശരണ പാതയിലും കൂടുതൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ജില്ലാ ശുചിത്വ മിഷൻ്റെ തീരുമാനം. ചടങ്ങിൽ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ്റെ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐഎഎസ് പ്രശംസിച്ചു. ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ് ജില്ലാ ശുചിത്വ മിഷൻ്റെ സിഗ്നേച്ചർ ക്യാമ്പയിന് അഭിനന്ദനം അറിയിച്ചു. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനിൽ നിന്ന് അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കപ്പിള്ള, ശുചിത്വ മിഷൻ ഡിഇഒ ജെയിംസ് ജോർജ്ജ് എന്നിവരായിരുന്നു ക്ലീൻ പമ്പാ- സിഗ്നേച്ചർ ക്യാമ്പയിന്റെ ഓർഗനൈസിംഗ് കൺവീനർമാർ.


