നിയമസഭ തിരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ ഒരുക്കം പൂർത്തിയായി: ജില്ല കലക്ടർ

Pathanamthitta

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ക്രമീകരണം പൂർത്തിയായെന്ന് ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ വാർത്ത സമ്മേളനം നടത്തുകയായിരുന്നു ജില്ല കലക്ടർ. ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലെ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ആറന്മുള, അടൂർ എന്നിവയുടെ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലും കോന്നി നിയോജക മണ്ഡലത്തിലേത് മലയാലപ്പുഴ മുസലിയാർ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലും നടക്കും.

കേരള പോലീസ്, കേരള ആംഡ് പോലീസ് ഫോഴ്‌സ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് എന്നിങ്ങനെ ത്രിതല സുരക്ഷാ സംവിധാനം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കും. സ്‌ട്രോംഗ് റൂമിന്റെ പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ പരിധി പെഡസ്ട്രിയൽ മേഖല ആണ്. വാഹനങ്ങൾക്ക് പ്രവേശനമില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.

വോട്ടിംഗ് മെഷീൻ വോട്ടെണ്ണുന്നതിന് ഓരോ മണ്ഡലത്തിലും ഒരു ഹാളിൽ 14 ടേബിളുകൾ വീതവും തപാൽ വോട്ട് എണ്ണുന്നതിന് ഏഴ് മുതൽ ഒമ്പത് വരെ ടേബിളുകളും ക്രമീകരിക്കും. പരമാവധി 500 തപാൽ വോട്ട് ഒരു ടേബിളിൽ എണ്ണും.

തപാൽ ബാലറ്റുകൾ മെയ് നാലിന് രാവിലെ എട്ടിനുള്ളിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കുന്നതിന് തപാൽ വകുപ്പ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മെയ് നാല് രാവിലെ ഏഴിന് സ്ഥാനാർഥി/സ്ഥാനാർഥി നിയോഗിച്ച ഏജന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്ട്രോംഗ് റൂം തുറക്കും.

രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ ബാലറ്റുകൾ ആദ്യം എണ്ണും. ഓരോ ടേബിളിലെ വോട്ടെണ്ണലിനു ശേഷം ഫലത്തിന്റെ പകർപ്പ് കൗണ്ടിംഗ് ഏജന്റുമാർക്ക് നൽകും.

ഓരോ റൗണ്ടിലും ലഭിക്കുന്ന വോട്ടുകൾ പ്രഖ്യാപിക്കും. ഓരോ റൗണ്ടും പൂർത്തിയാകുമ്പോൾ വോട്ടെണ്ണൽ വിവരം എൻകോർ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തും.

വോട്ടെണ്ണൽ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളും ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച ഒബ്സർവറുടെ സാന്നിധ്യത്തിൽ നടക്കും.
സ്ഥാനാർത്ഥി/ചീഫ് ഏജന്റ് രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഹാജരായി സ്ട്രോംഗ് റൂം തുറക്കുന്നതിന് സാന്നിദ്ധ്യം വഹിക്കണം. ജില്ലാ കളക്ടറേറ്റ് ഇലക്ഷൻ വെയർ ഹൗസ് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള തപാൽ ബാലറ്റുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് രാവിലെ 5.30 ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇലക്ഷൻ വെയർ ഹൗസിൽ ഹാജരാകണം.

കൗണ്ടിംഗ് ഏജന്റുമാർ അതത് കൗണ്ടിംഗ് സെന്ററുകളിൽ രാവിലെ 6.30 ന് രേഖ സഹിതം ഹാജരാകണം. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഗേറ്റ് പാസും ഫോറം നമ്പർ 18 ഉം കാണിക്കണം.

വരണാധികാരികളിൽ നിന്നും ലഭിക്കുന്ന പാസ്സ്/ബാഡ്ജ് ധരിച്ച് അനുവദിച്ച കൗണ്ടറിലേക്ക് പ്രവേശിക്കാം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ സൗകര്യം ഒരുക്കും.

ഇന്റർനെറ്റ് ബാക്ക് അപ്പ് സൗകര്യങ്ങൾ (പ്രധാന ഇന്റർനെറ്റ് കണക്ഷന് തടസ്സം നേരിട്ടാൽ ഉടൻ തന്നെ ഉപയോഗിക്കാൻ കഴിയത്തക്കവിധം) കണക്ഷൻ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഗേറ്റിനു സമീപം മൊബൈൽ ഡിപ്പോസിറ്റ് സൗകര്യമുണ്ട്.

മാധ്യമ പ്രവർത്തകർക്ക് മാത്രമേ മീഡിയ സെന്റർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. പോലീസിന്റെ ഡിഎഫ്എംഡി പരിശോധനയ്ക്ക് ശേഷം എല്ലാ വോട്ടെണ്ണൽ ഉദ്യോഗസ്ഥരും ഏജന്റുമാരും മറ്റു ഉദ്യോഗസ്ഥരും മൊബൈൽ ഫോൺ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ ഗേറ്റിനു സമീപം സ്ഥാപിച്ച മൊബൈൽ ഡിപ്പോസിറ്റിംഗ് സെന്ററിൽ ഏൽപ്പിക്കണം. സുതാര്യമായി വോട്ടെണ്ണൽ നടപടി പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *