പത്തനംതിട്ട: കല്ലറക്കടവ് കല്ലറപ്പാറ മഹാദേവക്ഷേത്രത്തിൽ കയറി അതിക്രമം കാട്ടിയ അമൃത വിദ്യാലയത്തിന് സമീപം പുതിയ്യത്ത് മേലേതിൽ വീട്ടിൽ ടി. പവിത്ര(27)നെ പോലീസ് അറസ്റ്റ് ചെയ്തു. 19 ന് രാത്രി ഏഴരയ്ക്കും ഇന്നലെ രാവിലെ ഏഴിനുമിടയ്ക്കാണ് സംഭവം. ക്ഷേത്രമുറ്റത്ത് കടന്ന് മഹാദേവ വിഗ്രഹത്തിനും മറ്റും നാശനഷ്ടമുണ്ടാക്കുകയും, ആചാരതടസം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് കേസ്.
ക്ഷേത്രനടത്തിപ്പു ചുമതലക്കാരനായ കല്ലറക്കടവ് തോളൂർ മേഘമൽഹാർ വീട്ടിൽ ജെ. അജിത് കുമാറിന്റെ പരാതിപ്രകാരമാണ് കേസ് എടുത്തത്.
സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് അന്വേഷണത്തിനിടെ ലഭിച്ച മൊഴിപ്രകാരം പവിത്രനെ രണ്ട് മണിയോടെ കല്ലറക്കടവിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സാക്ഷികളെ കാട്ടി തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് ചെയ്തു. പ്രതി പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത മറ്റു മൂന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി.


