മൂത്രമൊഴിക്കാൻ സൗകര്യം കൊടുക്കാത്ത മല്ലശേരി പെട്രോൾപമ്പ് ഉടമക്ക് നഷ്ടം 23,000 രൂപ : അഡ്വ. മനുവിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും

Kerala Pathanamthitta

പത്തനംതിട്ട: ഉപയോക്താവിന് ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറിൽ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നൽകുകയും ചെയ്യാത്ത പെട്രോൾ പമ്പുടമ 23,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാരം കമ്മിഷൻ വിധി. മല്ലശേരി മണ്ണിൽ ഫ്യൂവൽ എന്ന നയാര പമ്പിന്റെ പ്രൊപ്രൈറ്റർക്ക് എതിരേയാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കൽ വീട്ടിൽ കെ.ജെ. മനുവാണ് അഡ്വ. വർഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറിൽ 2022 രൂപയ്ക്ക് ഡീസൽ പമ്പിൽ നിന്നും നിറച്ചു. തുടർന്ന് ടയറിൽ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കിൽ തന്നെ അടിച്ചോളാനാണ് ജീവനക്കാർ നിർദേശിച്ചത്. ഇതിൻ പ്രകാരം മനു തനിയെ കാറ്റടിക്കാൻ ശ്രമിച്ചുവെങ്കിലും കംപ്രസർ ഓൺ അല്ലാത്തതിനാൽ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കംപ്രസർ ഓൺ ചെയ്യാൻ സൗകര്യമില്ല എന്ന് അറിയിച്ചു. തുടർന്നാണ് മനു ടോയ്‌ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയച്ചു. എതിർ കക്ഷി വക്കീൽ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാൻ സാധിച്ചില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ എക്‌സ്പാർട്ടി വിധി പ്രസ്താവിച്ചു. ഹർജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മർദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളിൽ നൽകണം. വീഴ്ച വരുത്തിയാൽ 10 ശതമാനം പലിശ കൂടി നൽകണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നൽകണം. പെട്രോൾ പമ്പിൽ ഉപയോക്താക്കൾക്ക് ചില അവകാശങ്ങൾ കൂടിയുണ്ടെന്നും ഇത് ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താൻ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *