പന്തളം: പാർട്ടി അച്ചടക്കം ലംഘിച്ചതിന് നഗരസഭയിലെ മുതിർന്ന കൗൺസിലർ കെ.വി.പ്രഭയെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡു ചെയ്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സസ്‌പെൻഷൻ ഉത്തരവ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീറാണ് പുറത്തുവിട്ടിട്ടുള്ളത്.
നഗരസഭയിൽ ബി.ജെ.പി. ഭരണത്തിലേറിയ സമയം മുതൽ ഭരണസമിതിയിൽ നിന്നുകൊണ്ടുതന്നെ ഇവർക്കെതിരെ പല കാര്യങ്ങളിലും പൊരുത്തപ്പെടാത്ത നിലപാടുകളുമായി മുന്നോട്ടുപോവുകയായിരുന്നു കെ.വി.പ്രഭ. ഇടയ്ക്ക് ചെയർപേഴ്‌സണുമായി നേരിട്ട് കൊമ്പുകോർത്തതും വലിയ വിവാദമായിരുന്നു. ഒടുവിൽ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലാണ് ഭരണസമിതിക്കെതിരെ പ്രഭ ആഞ്ഞടിച്ചത്. നഗരസഭയിലെ വസ്തുനികുതി പരിഷ്‌കരണം അശാസ്ത്രീയമായി ഭരണ സമിതി നടപ്പാക്കിയതു കൊണ്ടാണ് പന്തളത്തെ കെട്ടിട ഉടമകൾക്ക് ഭാരിച്ച നികുതി നഗരസഭയിൽ അടയ്‌ക്കേണ്ടി വന്നതെന്ന് കൗൺസിലർ കെ.വി.പ്രഭ പറഞ്ഞു. നഗരസഭയിൽ ബി.ജെ.പി. കൗൺസിലർമാർ ചേരി തിരിഞ്ഞ് യുദ്ധം ചെയ്യുന്നതിനും ഇത്തരം പ്രവർത്തനങ്ങൽ വഴിയൊരുക്കിയിരുന്നു.

ശബരിമല യുവതി പ്രവേശന സമരത്തിന് ശേഷം നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ നിർത്തിയത് വനിതകളെയായിരുന്നു. എൽഡിഎഫ്- യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് വൻ ഭൂരിപക്ഷത്തിൽ ബിജെപി ഭരണം പിടിച്ചു. മുതിർന്ന നേതാവ് കെ.വി. പ്രഭ ചെയർമാനാകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ, ചെയർമാൻ സ്ഥാനം സംവരണം അല്ലാതിരുന്നിട്ടു കൂടി അത് സുശീല സന്തോഷിന് നൽകുകയായിരുന്നു. വൈസ് ചെയർപേഴ്‌സണായി യു. രമ്യയെയും നിയോഗിച്ചു. അന്നു മുതൽ പ്രഭ ബിജെപിക്കെതിരേ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്തു. ചെയർപേഴ്‌സണും പ്രഭയുമായുള്ള തർക്കം പലപ്പോഴും കൈയാങ്കളി വരെയെത്തി.
ഭരണപക്ഷം സ്വീകരിക്കുന്ന ഏതു നടപടിക്കും എതിരേ പ്രഭ പ്രതിഷേധവുമായി വരാൻ തുടങ്ങി. പല തവണ സംസ്ഥാന നേതൃത്വം ഇടപെട്ട് രണ്ടു കൂട്ടരെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് പ്രഭയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തുടർച്ചയായി മൂന്നു വട്ടം ബിജെപി കൗൺസിലറായി വിജയിച്ചയാളാണ് പ്രഭ. ആ സീനിയോറിട്ടി പരിഗണിക്കാത്തതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.


