പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷൻ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നിർവഹിച്ചു.
കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. ഇലക്ട്രോണിക്-ഓൺലൈൻ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് അംഗീകാരം നൽകുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നൽകുന്ന വാർത്തകൾ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇൻഫർമേഷൻ ഓഫീസിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥരും ജേർണലിസം വിദ്യാർഥികളുമടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അധ്യക്ഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്. സന്തോഷ് കുമാർ മെമ്പർ സെക്രട്ടറിയുമായ കമ്മറ്റിയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി സുരേഷ് ബാബു, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, സെക്രട്ടറി ബിജു കുര്യൻ എന്നിവർ അംഗങ്ങളുമാണ്.
പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, എസ്.എം.എസ്, സിനിമാശാലകൾ, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങൾ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയിൽ വരും. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് സെല്ലിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും കമ്മിറ്റി നിർവഹിക്കും. സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങൾ രാഷ്ട്രീയപാർട്ടികളോ സ്ഥാനാർത്ഥികളോ ഉപയോഗിക്കാൻ പാടില്ല.
ചടങ്ങിൽ ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ പദ്മചന്ദ്രകുറുപ്പ്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, സെക്രട്ടറി എ. ബിജു, മലയാള മനോരമ സീനിയർ റിപ്പോർട്ടർ റോബിൻ ടി വർഗീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്. സന്തോഷ് കുമാർ, എം.സി.എം.സി അംഗങ്ങൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്-എം.സി.എം.സി-
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷൻ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നിർവഹിക്കുന്നു.


