ചെന്നീർക്കര: ചപ്പാത്തി പരത്തിയും ചുട്ടെടുത്തും ചോറു വെച്ചും കറികൾ ഒരുക്കിയും എട്ടാം ക്ലാസുകാർ പാചകത്തിൻ്റെ പുത്തൻ പരീക്ഷണം നടത്തുകയാണ്. ഒരോ ഭക്ഷണത്തിൻ്റെയും പോഷക ഗുണങ്ങളും അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ഉൾപ്പെടെ ആഴത്തിലാണ് പഠനം. വെള്ളം ചൂടാക്കി പോലും പരിചയമില്ലാതിരുന്നവർ അത്യാവശ്യം പാചകവിധികൾ പഠിച്ചു കഴിഞ്ഞു.
ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസിലെ പതിനഞ്ചോളം കുട്ടികളാണ് രണ്ടു ദിവസമായി ചെന്നീർക്കര ഗവ.ഐ.ടി.ഐ.യിൽ പരിശീലനം തേടുന്നത്. ഭാവിയിലേക്ക് വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പി.എം.ശ്രീ പദ്ധതി പ്രകാരമാണ് കുട്ടികൾ ഐ.ടി.ഐ.യിൽ തൊഴിൽ പരിശീലനത്തിന് എത്തിയത്. കുട്ടികൾക്ക് പരിശീലനത്തിന് സൗകര്യം ഏർപ്പെടുത്തണമെന്ന കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പലിൻ്റെ ആവശ്യം ഐ.ടി.ഐ.പ്രിൻസിപ്പൽ പൂർണമനസോടെ സമ്മതിക്കുകയായിരുന്നു. ഐ.ടി.ഐ.യിലെ ഫുഡ് പ്രൊഡക്ഷൻ ജനറൽ (എഫ്.പി.ജി.) ട്രേഡിലാണ് കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
കുട്ടികൾക്ക് എല്ലാവിധ പിന്തുണയുമായി ഐ.ടി.ഐ.യിലെ അധ്യാപകരും ജീവനക്കാരുമുണ്ട്.
ചെന്നീർക്കര ഗവ.ഐ.ടി.ഐ.പ്രിൻസിപ്പൽ വി.രജനി, വൈസ് പ്രിൻസിപ്പൽ പി.എം. സാബു, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ പി.എൽ.ബിന്ദുലക്ഷ്മി, വൈസ് പ്രിൻസിപ്പൽ പി.കെ.ലതാകുമാരി, അധ്യാപകരായ ബി. രാഹുൽ, പി.ശ്രീജിത്ത്, റാം ശരൺ, എം.വി.റീമ എന്നിവർ പങ്കെടുത്തു. ഗവ.ഐ.ടി.ഐ.യിലെ എഫ്.പി.ജി. ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ ബിപിൻ.വി.നാഥ്, ജൂനിയർ ഇൻസ്ട്രക്ടർ എം.മായാലക്ഷ്മി എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കേരളത്തിൽ നിന്നും 32 കേന്ദ്രീയ വിദ്യാലയങ്ങളെ പി.എം.ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
What do you feel about this post?
Like
Love
Happy
Haha
Sad

