പ്രവാസ ലോകത്തെ അമാനുള്ള പാഠപുസ്തകമാകുമ്പോൾ !!

Pathanamthitta Special Trivandrum World
Print Friendly, PDF & Email

ദുബായ് – പ്രവാസ ലോകത്തെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് മുമ്പ് സുപരിചതമായൊരു പേരായിരുന്നു അമാനുള്ള .

മിക്കവാറും എല്ലാ മലയാളികളുടെയും മൊബൈലിൽ സേവ് ചെയ്തു വച്ചിരുന്നൊരു പേര്. അപകടങ്ങൾ ഉണ്ടാകുമ്പോഴും, ഒറ്റക്കായി പോകുമ്പോഴും, നീതി നിഷേധം നേരിടേണ്ടി വരുമ്പോഴുമൊക്കെ പ്രവാസികൾക്ക് വിളിക്കാനൊരു നമ്പറായിരുന്നു അമാനുള്ളയുടേത്. ഇന്ന് പ്രവാസം എന്ന ജീവിത അവസ്ഥയെക്കുറിച്ചു പഠിക്കാൻ വിദ്യാർത്ഥികൾക്ക്, അമാനുള്ള പാഠപുസ്തകം തന്നെയാകുമ്പോൾ അതിന്റെ പേര് മരുഭൂമിയിലെ മറുജീവിതങ്ങൾ എന്നാണ്.

കേരള സർവ്വകലാശാലയുടെ നാലുവർഷ ബിരുദപഠന കോഴ്‌സിലെ രണ്ടാം സെമസ്റ്ററിൽ പ്രചോദനാത്മക സാഹിത്യത്തിലെ മുഖ്യ പാഠപുസ്തകമാണ് ഇത് . ഈ പുസ്തകത്തിലെ ഒരദ്ധ്യായമായ ” ഷാർജയിലെ പൂച്ചകൾ ” ഏഴാംക്ലാസിലെ മലയാള പാഠപുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിറയിൻകീഴ് വക്കം പാണൻമുക്കിലെ പ്രതിഭ എന്ന വീട്ടിലെ പരേതരായ മുഹമ്മദ് സാലിയുടെയും, സാറാ ഉമ്മാളുടെയും നാലാമത്തെ മകനാണ് അമാനുള്ള. പ്രീഡിഗ്രി പഠനത്തിന് ശേഷം ടൈപ്പ്‌റൈറ്ററിംഗും പഠിച്ച ശേഷം 22 മത്തെ വയസ്സിൽ നാട്ടിലെ കലാ, സാമൂഹിക കാര്യങ്ങളിൽ സജീവമായിരുന്ന സമയത്ത് ജോലി തേടുക എന്നതിലുമുപരി അമാനുള്ളയുടെ പ്രവാസ ലോകത്തേക്കുള്ള യാത്രക്കും ഒരു കാരണമുണ്ടായിരുന്നു. ദുബായിലുണ്ടായിരുന്ന തന്റെ ജേഷ്ഠനെ അബുദാബിയിലേക്കുള്ള യാത്രാ മദ്ധ്യ കാണാതായ സംഭവം ആയിരുന്നു ആ കാരണം. അങ്ങനെ ബോംബയിൽ നിന്ന് വിമാനത്തിൽ അമാനുള്ള ഷാർജയിലെത്തി. ദുബായിക്കും മുമ്പേ ആദ്യ വിമാനത്താവളം ഷാർജ ആയിരുന്നു എന്നദ്ദേഹം ഓർക്കുന്നു.

മണൽക്കാറ്റ് വീശുന്ന നാട്ടിലെത്തി അമാനുള്ള തന്റെ പ്രവാസ ജീവിതം ആരംഭിച്ചു. ചൂട് സമയത്ത് തറയിൽ നനഞ്ഞ തോർത്ത് വിരിച്ചു കിടന്നുറങ്ങിയിരുന്ന കാലം. വഴിവക്കിലെ കടകളിൽ നിന്ന് ആഹാരം കഴിക്കാൻ വാങ്ങിയാൽ പൊടിക്കാറ്റിൽ മണൽത്തരികൾ വീഴാതെ കഴിക്കാൻ പറ്റാത്ത കാലം. ഷാർജയിൽ വൈദ്യുതി എത്തിത്തുടങ്ങിയ സമയം. ഷാർജാ സർക്കാരിന്റെ വൈദ്യുതി കമ്പനിയിൽ ചെറിയൊരു ജോലി ശരിയായി.
അന്ന് സർക്കാർ ജോലിക്ക് ശമ്പളം വളരെ കുറവായതിനാൽ അധികമാരും അതിനു പോയിരുന്നില്ല എന്നും അദ്ദേഹം ഓർക്കുന്നു.

ഷാർജയിലെ ജോലിക്കിടെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി അപകടത്തിൽപ്പെട്ട മരിച്ചപ്പോൾ ആ മൃതദേഹം നാട്ടിലേക്കയക്കാൻ ബന്ധുക്കളുടെ അഭ്യർത്ഥനയെ മാനിച്ചു നടത്തിയ പരിശ്രമമാണ് അമാനുള്ളയെ പ്രവാസ ജീവിതത്തിലെ സമാനതകളില്ലാത്ത പ്രയാണത്തിലേക്ക് നയിച്ചത്. പിന്നീട് 37 വർഷക്കാലത്തെ പ്രവാസ ജീവിതം തനിക്ക് ചുറ്റുമുള്ള നിരാലംബർക്ക് സഹായത്തിനും ആശ്വാസത്തിനും വേണ്ടിയാണ് അദ്ദേഹം വിനിയോഗിച്ചത് എന്നുപറയാം. അങ്ങനെ പ്രവാസലോകത്തെ രക്ഷകനായി അമാനുള്ള മാറി.

ഗൾഫ് രാജ്യങ്ങളിലെത്തി പല സാഹചര്യങ്ങളിൽ കാണാതാകുന്നവരെ കണ്ടെത്തി അവരുടെ നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടയിൽ തന്റെ കാണാതായ ജേഷ്ഠന്റെ തിരോധാനത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. പണ്ടുകാലത്ത് അബുദാബിയിലേക്ക് നല്ല റോഡുപോലും ഇല്ലാതിരുന്ന കാലത്ത് ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോയ അദ്ദേഹം മരുഭൂമിയിലെവിടെയോ മരണപ്പെട്ടിരിക്കാം എന്നാണ് അദ്ദേഹം മനസ്സിലാക്കിയത്.

ദുബായിലും ഷാർജയിലുമൊക്കെ ജോലിതേടിയെത്തി, മലയാളികൾ തന്നെയായ പെൺവാണിഭ സംഘങ്ങളുടെ കയ്യിലകപ്പെട്ടുപോയ നിരവധി പെൺകുട്ടികളെ രക്ഷിച്ചു നാട്ടിലേക്കയക്കാൻ അദ്ദേഹത്തിനായി. അപകടങ്ങളിലും, രോഗങ്ങളിലും ഒക്കെപ്പെട്ട് ആശുപത്രികളിലും, നോക്കാനാരുമില്ലാതെയും അകപ്പെട്ടുപോയ നിരവധി മനുഷ്യർക്ക് അടുത്തിരിക്കാനും, ആശ്വാസമേകാനും അദ്ദേഹത്തിനായി. അങ്ങനെ പ്രവാസം കണ്ണീരു നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞ ഒരുപറ്റം മനുഷ്യർക്ക് അമാനുള്ള ദൈവതുല്യനായി എന്നുതന്നെ പറയാം.

അമാനുള്ളയുടെ പ്രവാസലോകത്തെ സാമൂഹിക ജീവകാരുണ്യ ഇടപെടലുകളുടെ കഥകൾ പുസ്തകമാക്കിയത് കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ദീപേഷ് കരിമ്പുംകരയാണ്. മാതൃഭൂമി ഈ പുസ്തകം രണ്ടു പതിപ്പുകൾ ഇറക്കിക്കഴിഞ്ഞു.

ഇപ്പോൾ പാണൻമുക്കിലെ തന്റെ വീട്ടിൽ 72 മത്തെ വയസിലും വായനയിലും, സമാന മനസ്കരായ ചിലരോടൊപ്പം സാമൂഹിക പ്രവർത്തനത്തിലും ഒക്കെ സജീവമാണ്. പ്രവാസം എന്താണെന്ന് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് തന്റെ ജീവിതവും, പുസ്തകവും പ്രയോജനപ്പെട്ടതിൽ സന്തോഷവാനാണ് അദ്ദേഹം. ഭാര്യ – വത്സല, മക്കൾ – ഫാബിയാണ്, മൗര്യൻ.

എന്റെ 20 വർഷത്തെ പ്രവാസത്തിൽ അദ്ദേഹത്തിൻറെ അയൽക്കാരനായി കഴിയാനും,, അദ്ദേഹത്തോടൊപ്പം കുറച്ചുനാളെങ്കിലും ഒരുമിച്ചു പ്രവർത്തിക്കാനും എനിക്ക് ഭാഗ്യം ഉണ്ടായി. ഒരു നല്ല മനുഷ്യനെ പരിചയപ്പെടാനും, അതുവഴി മറ്റു മനുഷ്യരെ മനസിലാക്കാനും കഴിഞ്ഞു.

അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിച്ചുകൊണ്ട് .
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *