ആറന്മുള – പമ്പയ്ക്ക് പുളകമായി വള്ളപ്പാട്ടും പാടി, പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാർ. മഴ മാറി നിന്ന പകൽ. ക്ഷേത്രക്കടവിൽ ദക്ഷിണയുമായി കാത്തു നിന്ന് വഴിപാടുകാർ. തെളിഞ്ഞ മനസോടെ കരക്കാരും വഴിപാടുകാരും പാർത്ഥസാരഥിക്ക് മുന്നിൽ ഹരേ കൃഷ്ണ മന്ത്രം ഉരുവിട്ട് തൂശനിലയിൽ വിഭവങ്ങൾ വിളമ്പിയതോടെ ആറന്മുള വള്ളസദ്യക്ക് തുടക്കം.
മഹാ പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷങ്ങളിൽ ഭക്തർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഇല്ലാതെ ആണ് ഇത്തവണ വള്ളസദ്യകൾ ആരംഭിച്ചത്. ഇനിയുള്ള 72 ദിവസം 52 പള്ളിയോടക്കരകളിലും. വള്ളസദ്യയുടെ രുചിക്കാലം കൂടിയാണ്. വഞ്ചിപ്പാട്ടിന്റെ താളത്തിൽ കഴിഞ്ഞകാല താളപ്പിഴ വരുത്തിയ കാലം മറന്നു കൊണ്ടാണ് ആറന്മുള പാർഥസാരഥിയുടെ മണ്ണിൽ വീണ്ടും വള്ളസദ്യക്കാലത്തിന് തുടക്കം കുറിച്ചത്.
പൊൻപ്രകാശം വിതറുന്ന വിളക്കത്ത് വിളമ്പണം എന്ന് തുടങ്ങിയ വള്ളപ്പാട്ടോടെയാണ് വിളക്കിന് മുൻപിൽ ഈശ്വര സങ്കൽപ്പത്തിൽ വിഭവങ്ങൾ വിളമ്പിയത്. അഭിഷേക തീർഥം വേണം കളഭകുങ്കുമം വേണം എന്നവഞ്ചിപ്പാട്ടോടെ പ്രസാദവും സ്വീകരിച്ചു. തുടർന്ന് വിഭവങ്ങൾ
ഒരുക്കിയുള്ള സദ്യ കരക്കാർ സ്വീകരിക്കുകയും ചെയ്തു. ഇഷ്ടവിഭവങ്ങൾ പാടി ചോദിക്കുന്നതും അത് വിളമ്പണമെന്നതും ആറന്മുള വള്ളസദ്യയിലെ ആചാരം. സദ്യയ്ക്ക് ശേഷം കൊടിമരച്ചുവട്ടിൽ ഒരുക്കിയിരുന്ന നിറപറകൾ ഭഗവാന് സമർപ്പിച്ചു നെൽപ്രസാദവും വാങ്ങി കരക്കാർക്ക് ദക്ഷിണ നൽകി വഴിപാടുകാരനെ തിരികെ യാത്രയാക്കിയതോടെ ആദ്യ ദിനം വഴിപാടിന് സമാപനമായി. വഴിപാടുകാരനെ ഈശ്വരന്റെ നാമത്തിൽ അനുഗ്രഹിക്കുന്ന വള്ളപ്പാട്ട് പാടിയാണ് കരക്കാർ മടങ്ങിയത്.
കരകളുടെ നാഥനായ ആറന്മുള പാർഥസാരഥിക്ക് മുന്നിൽ ഇനിയുള്ള 72 ദിവസം നിലയ്ക്കാതെ നതോന്നാത്ത താളത്തിലുള്ള വള്ളപ്പാട്ട് മുഴങ്ങും. രുചിയുടെ പെരുമ പേറുന്ന ആറന്മുളയിലെ 64 വിഭവങ്ങൾ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് മുതൽ അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമെ തുഴച്ചിലുകാർ പാടി ചോദിക്കുന്ന 20 വിഭവങ്ങളും രുചിയുടെ താളപ്പെരുമ തീർക്കുന്നവയാണ്. ആചാരങ്ങളിൽ അണുവിട വ്യത്യാസമില്ലാതെ നടത്തുന്ന വള്ളസദ്യവഴിപാട് സ്വീകരിക്കാൻ പള്ളിയോടങ്ങൾ എത്തും.ആദ്യ ദിനം ആദ്യമെത്തിയത്
മാരാമൺ പള്ളിയോടം ആയിരുന്നു. ഇടശ്ശേരിമല കിഴക്ക്, തോട്ടപ്പുഴശ്ശേരി, വെൺപാല, തെക്കേമുറി, മല്ലപ്പുഴശ്ശേരി, മേലുകര,കോറ്റാത്തൂർ, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ എന്നീ പത്തു പള്ളിയോടങ്ങളാണ് ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കാൻ പമ്പയിലൂടെ പാടി തുഴഞ്ഞ് കടവിലേക്ക് എത്തിയത്.
പള്ളിയോട സേവാസംഘം പ്രസിഡണ്ട് കെ.വി സാംബദേവന്റെ അദ്ധ്യക്ഷതയിൽ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം തൂശനിലയിൽ വിഭവങ്ങൾ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. ചീഫ് വിപ്പ് പ്രഫ. എൻ.ജയരാജ്, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ,ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു. 52 കരകളിലെ പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.


