ന്യൂയോർക്ക് – പ്രസിഡന്റ് ജോ ബൈഡൻ 2020ൽ വിജയിച്ച അമേരിക്കയിലെ അഞ്ചു നിർണായക സംസ്ഥാനങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നിട്ടു നിൽക്കുന്നതായി പുതിയ സർവേകളിൽ പ്രവചിക്കുന്നു. ന്യൂ യോർക്ക് ടൈംസ്, സിയന്ന കോളജ്, ഫിലാഡൽഫിയ ഇൻക്വയറർ എന്നീ പോളിംഗിലാണ് അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ ബൈഡനെക്കാൾ പിന്തുണ ട്രംപിനാണ് എന്ന കണ്ടെത്തൽ. വിസ്കോൺസിനിൽ മാത്രമാന് ബൈഡന് ലീഡ്.
ആറു സംസ്ഥാനങ്ങളും 2020ൽ ബൈഡൻ വിജയിച്ചതാണ്. ഇതിൽ മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ സംസ്ഥാനങ്ങൾ മാത്രം ജയിച്ചാലും ബൈഡനു വൈറ്റ് ഹൗസിൽ തിരിച്ചെത്താം — 2020ൽ ജയിച്ച മറ്റു സ്റ്റേറ്റുകൾ നഷ്ടമായില്ലെങ്കിൽ.
ജീവിതച്ചെലവ് കുതിച്ചു കയറിയതും സമ്പദ് വ്യവസ്ഥ ഭദ്രമല്ല എന്ന ചിന്തയും ഗാസ യുദ്ധവും കുടിയേറ്റ പ്രശ്നവും അമേരിക്കൻ ജനതയെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നാണ് തെളിയുന്നത്. അതിനൊക്കെ പരിഹാരം കാണാനും ജനജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന നേതാവല്ല ബൈഡൻ എന്ന ചിന്ത വ്യാപകമായി. അദ്ദേഹത്തിനു കഴിയുമെന്ന വിശ്വാസം 13% പേർക്കു മാത്രമേയുള്ളൂ.
ട്രംപ് ഇഷ്ടപ്പെട്ട സ്ഥാനാർഥിയല്ല എന്നു കരുതുന്നവർ പോലും അദ്ദേഹത്തിനു മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നു വിശ്വസിക്കുന്നു. ഹിസ്പാനിക് വോട്ടർമാർക്കിടയിലും 18–29 പ്രായത്തിൽ ഉള്ളവർക്കിടയിലും ട്രംപിനും ബൈഡനും ഒരേ പിന്തുണയാണ്. ഹിസ്പാനിക്കുകളിൽ 60% കഴിഞ്ഞ തവണ ബൈഡനു വോട്ട് ചെയ്തിരുന്നു എന്നോര്മിക്കണം. ട്രംപ് 20% കറുത്ത വർഗക്കാരുടെ പിന്തുണ നേടിയതായും കാണുന്നു.
യുവാക്കളിലും വെള്ളക്കാരല്ലാത്ത വോട്ടർമാരിലും ട്രംപ് നേടിയ ജനപ്രീതി അദ്ദേഹത്തിന് അരിസോണ, ജോർജിയ, നെവാഡ എന്നിവിടങ്ങളിൽ മെച്ചമായി. ഈ സംസ്ഥാനങ്ങൾ ബൈഡന്റെ കയ്യിൽ നിന്നു വഴുതുകയാണ്. അതേ സമയം, ബൈഡൻ പ്രായം ചെന്നവരിലും വെള്ളക്കാരിലും മതിപ്പു നേടിയതായി കാണുന്നു. കൂടുതൽ വെള്ളക്കാരുള്ള മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ സംസ്ഥാനങ്ങളിൽ അദ്ദേഹം മുന്നേറ്റം നടത്തിയിട്ടുണ്ട്.
സർവേയിൽ പങ്കെടുത്ത 13% ഗാസ നയത്തിന്റെ പേരിൽ ബൈഡനു വീണ്ടും വോട്ട് ചെയ്യില്ല. 17% പേർ ഇസ്രയേലിന്റെ പക്ഷത്താണ്. ആറു സംസ്ഥാനങ്ങളിലായി റജിസ്റ്റർ ചെയ്ത 4,097 വോട്ടർമാരെ ഏപ്രിൽ 28നും മേയ് 9നുമിടയിലാണ് സർവേ ചെയ്തത്.


