ഇന്നലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ ; ഫയർഫോഴ്‌സ് അപ്‌ഡേറ്റ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇന്നലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട, കോന്നി, തിരുവല്ല ഫയർ സ്റ്റേഷനുകളുടെ പരിധിയിൽ നിന്നുമായി ആകെ 2117 ആളുകളെ കുടുങ്ങി കിടന്ന കെട്ടിടങ്ങളിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും ഉള്ള സേനാംഗങ്ങൾക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുമായി അഗ്നിരക്ഷാ സേനയുടെ 120 ജീവനക്കാരും 55 സിവിൽ ഡിഫൻസ് അംഗങ്ങളും ജില്ലയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. 12 റബ്ബർ ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിച്ചു. പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥിന്റെ നേതൃത്വത്തിൽ നാല് മേഖലകളായി തിരിച്ച് ആണ് പ്രവർത്തനങ്ങൾ എകോപിപ്പിച്ചത്.

പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിനാണ് കൺട്രോൾ റൂം ചുമതല. കോന്നി സ്റ്റേഷൻ ഓഫീസർ സന്ദീപ്, റാന്നി സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, തിരുവല്ല സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർക്കാണ് മേഖലകളുടെ ചുമതല.

റാന്നി ഫയർ സ്റ്റേഷൻ പരിധിയിലെ ബ്ലോക്ക് പടി, മന്ദിരംപടി, തോട്ടമൺ, പുളിമുക്ക്, കുറുമ്പൻമൂഴി, മാമുക്ക്, മേലുകര, മാരാമൺ, മല്ലപ്പള്ളി, വടശ്ശേരിക്കര, കുമ്പളത്താമൺ, പേരുച്ചാൽ, അങ്ങാടി, കോട്ടാങ്ങൽ, പെരുമ്പെട്ടി, ഐത്തല, ഇട്ടിയപ്പാറ, പേട്ട, വാഴക്കുന്ന്, കിളിയാനിക്കൽ, ചെട്ടിമുക്ക്, റാന്നി ബസ് സ്റ്റാൻഡ്, ടൗണിലെ റോഡുകൾ തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളും, തിരുവല്ല ഫയർ സ്റ്റേ ഷൻ പരിധിയിലെ തോട്ടപ്പുഴശ്ശേരി, മല്ലപ്പള്ളി, കുമ്പനാട്, തിരുമൂലപുരം, മനക്കച്ചിറ, തുരുത്തിക്കാട് പത്തനംതിട്ട ഫയർ സ്റ്റേഷൻ പരിധിയിലെ ആറന്മുള, കോഴഞ്ചേരി, തെക്കേമല, ഇടയാറന്മുള, ആറാട്ടുപുഴ, നെല്ലിക്കാമല, കോഴിപ്പാലം, വഞ്ചിത്തറ എന്നീ സ്ഥലങ്ങളിൽ ആണ് അഗ്നിരക്ഷാ സേന പ്രധാനമായും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. കുട്ടികളും, സ്ത്രീകളും, പ്രായമായവരും ഉൾപ്പെടെ ആകെ 2117 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണ് ഈ വെള്ളപ്പൊക്കത്തിൽ സേന പത്തനംതിട്ടയിൽ നടത്തിയത്. ശനിയാഴ്ച വെളുപ്പിന് രണ്ടര മണി മുതൽ തുടങ്ങിയ രക്ഷാപ്രവർത്തനം ഏകദേശം നാൽപത് മണിക്കൂറുകൾ പിന്നിടുമ്പോഴും സേന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *