ന്യൂയോർക്ക് – അമേരിക്കയിലെ കറവപശുക്കളെ ബാധിച്ച പക്ഷിപ്പനി വൈറസ് പാസ്ചറൈസ് ചെയ്ത പാലിൽ കണ്ടെത്തിയതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എന്നാൽ പൊതുജനങ്ങൾക്ക് അപകടസാദ്ധ്യത ഇല്ലെന്നും FDA ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം എത്ര സാമ്പിളുകൾ പരിശോധിച്ചെന്നോ എവിടെ നിന്നാണ് പാൽ ലഭിച്ചതെന്നോ FDA ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ എല്ലാ പാൽ സംസ്കരണ കേന്ദ്രങ്ങളിലും പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പരിശോധന ഫലങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നും ഏജൻസി അറിയിച്ചു. രോഗം ബാധിച്ച കന്നുകാലികളിൽ നിന്നുള്ള പാൽ വിതരണത്തിന് എത്തിയിട്ടില്ലെന്ന് FDA ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.
ദശലക്ഷക്കണക്കിന് വന്യമൃഗങ്ങളെയും പക്ഷികളെയും ബാധിച്ച ഏവിയൻ ഇൻഫ്ലുവൻസ വൈറസ് യു എസിലെ എട്ട് സംസ്ഥാനങ്ങളിലെ കറവപ്പശുക്കളിൽ കണ്ടെത്തിയിരുന്നു. രാജ്യത്ത് ഇതുവരെ 33 കന്നുകാലികൾക്ക് പക്ഷിപ്പനി വൈറസ് ബാധിച്ചതായി യു എസ് കൃഷിവകുപ്പ് അറിയിച്ചു. ഇതുവരെ യുഎസിൽ രണ്ടുപേർക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ട്. രോഗബാധിതനായ പശുവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ടെക്സസിലെ ക്ഷീര കർഷകന് അടുത്തിടെ അണുബാധ ഉണ്ടാകുകയും സുഖം പ്രാപിക്കുകയും ചെയ്തു.


