ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഒഴിവാകുന്നതിനായി നൽകിയ അപേക്ഷ പരിഗണിക്കുന്നതിന് ജില്ലാ ഓർഡർ സെൽ രൂപീകരിച്ചു. സബ് കളക്ടർ ചെയർപേഴ്‌സണും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അപേക്ഷ പരിശോധിച്ചു തീരുമാനമെടുക്കുക.
ഗുരുതരമായ ആരോഗ്യ കാരണങ്ങളാൽ ഡ്യൂട്ടി ചെയ്യുവാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകൾ സഹിതവും പങ്കാളികൾക്ക് ഇരുവർക്കും പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കിൽ ഒരാളെ ഒഴിവാക്കണമെങ്കിൽ നിയമന ഉത്തരവുകൾ സഹിതവും, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടുന്നവർക്ക് നിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ നിയമന ഉത്തരവ് സഹിതമാണ് ജില്ലാ ഓർഡർ സെല്ലിന് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകേണ്ടിയിരുന്നത്. സെല്ലിൽ ലഭിച്ച അപേക്ഷകൾ അനുബന്ധ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും. ഒഴിവാക്കപ്പെടുന്നവരുടെ വിവരങ്ങൾ കളക്ടറേറ്റ് നോട്ടീസ് ബോർഡിepw pathanamthitta.nic.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
സർക്കാർ ഉദ്യോഗസ്ഥർ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കേ സർക്കാർ ഉദ്യോഗസ്ഥർ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, എക്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ, മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ, ഷെയർ ചെയ്യാനോ, ലൈക്ക് ചെയ്യാനോ പാടില്ല. നിർദേശം പാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ബാധകമാണ്. സർക്കാർ കെട്ടിടങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ പോസ്റ്ററുകൾ, ബാനറുകൾ എന്നിവ പതിക്കാൻ പാടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടങ്ങൾ പരാമർശിക്കുന്ന ഫോട്ടോകളും നോട്ടീസും അടിയന്തിരമായി നീക്കം ചെയ്യണം. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികൾക്കായി ഓഫീസുകളിൽ പ്രചാരണം നടത്തുകയോ വോട്ട് അഭ്യർഥിക്കുകയോ ചെയ്യരുത്. സർക്കാർ പരിപാടികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോ, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ ഉദ്യോഗസ്ഥരോ പങ്കെടുക്കാൻ പാടില്ലെന്നും കളക്ടർ നിർദേശിച്ചു.


