പ്രവാസ അനുഭവങ്ങളിൽ തിരിച്ചറിയപ്പെടേണ്ട ദൈവീക ശാന്തത ; റൈറ്റ് റവ.ഡോ. (ഹാബൽ) ജോസഫ് മാർ ഈവാനിയോസ് എപ്പിസ്‌കോപ്പാ

Kerala Pathanamthitta

മാരാമൺ – മനുഷ്യർക്കിടയിൽ അഗാധ ഗർത്തങ്ങൾ രൂപപ്പെടുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു കഠിന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവ നമ്മെ ഒറ്റപ്പെടുത്തുകയും ഏകാന്തരാക്കുകയും ചെയ്യുന്നു. ബി.സി 593, 586, 583 എന്നീ കാലത്തിൽ യെരുശലേം തകർത്ത് ജനത്തെ കീഴടക്കി ദൈവാലയ ഗായകരെ ബന്ധിതരാക്കി ബാബിലോണിലേക്ക് കൊണ്ടുപ്പോകുന്നു. ഇവിടെ ഭവനം എന്ന സ്‌നേഹകൂടാരത്തിൽ നിന്നും അവർ തള്ളപ്പെടുകയാണ്. ഓർമ്മകളിൽ നിന്നും വിശ്വാസത്തിൽ നിന്നും സ്‌നേഹ ക്രമപ്പെടലുകളിൽ നിന്നും അവർ അകറ്റപ്പെടുകയാണ്. നദിക്കരികിൽ വിലാപത്തിലിരിക്കുന്നവർ തങ്ങളുടെ കിന്നരങ്ങളെ അലരി വൃക്ഷങ്ങളിന്മേൽ തൂക്കിയിട്ട് അവർ പ്രഖ്യാപിക്കുകയാണ്. ഇത് ഞങ്ങളെ സ്ഫുടം ചെയ്യാൻ ദൈവം അനുഭവിച്ച ഇടമാണ്. നാടുക്കടത്തലും പാലായനവും അഭയാർത്ഥികളുടെ സഞ്ചാരപദവും പ്രവാസവും എന്നതിനപ്പുറം മരുഭൂവത്ക്കരിക്കുന്ന നാടുക്കടത്തലാണ് ഇവിടെ പരാമർശിക്കുന്നത്. സുവിശേഷത്തിന്റെ നനവ് നമ്മുടെ പാദങ്ങളിൽ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്വാധീനിച്ച് ശാന്തത കൈവരിക്കേണ്ടതുണ്ട്. യഹോവയുടെ മൂല്യസങ്കല്പങ്ങളും ഒന്നുച്ചേരാതിരിക്കുന്ന ഇടത്ത് ഗാനം ആലപിക്കാൻ വൈഷമ്യം കാണിക്കുന്ന ജനം. ഗാനമെന്നത് നമ്മുടെ വികാരങ്ങളുടെ നിർഗളമായ ഒഴുക്കാണ്, അത് പുറപ്പെടുന്നത് ഹൃദയത്തിന്റെ ശാന്തതയിൽ നിന്നാണ്. ദുഃഖത്തിന്റെ മധ്യത്തിൽ ആഴമായ ദൈവീക വിശ്വാസം സമ്മാനിക്കുന്ന അവസ്ഥയാണ് ശാന്തത. വേദപ്പുസ്തകം നമുക്ക് നൽകുന്നത് വെറും സമാധാനമല്ല, മറിച്ച് ശാന്തത നൽകുന്ന സമാധാനമാണ്. നമ്മുടെ പ്രവാസ അനുഭവത്തിൽ ശാന്തത എപ്രകാരം സ്വായത്തമാക്കുവാൻ സാധിക്കും?

ഗാനം ആലപിക്കുവാൻ ആവശ്യപ്പെടുമ്പോൾ ശാന്തത പാലിക്കുന്ന ജനം പിന്നീട് കരയുകയും യെരുശലേമിനെക്കുറിച്ച് ഓർക്കുകയും ചെയ്യുന്നു. ശാന്തത എന്നാൽ അവർ ഹൃദയത്തിൽ അനുഭവിക്കുന്ന മൗനമാണ്. നിശബ്ദത ദൈവത്തെ തിരിച്ചറിയുന്ന അനുഭവമാണ്. ശാന്തത ദൈവത്തോടുള്ള സംസാരവും സംസർഗവുമാണ്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ശാന്തത നിറഞ്ഞ ധ്യാനത്തിന്റെ അനുഭവം നമുക്കാവശ്യമാണ്. എവിടെയൊക്കെ കണ്ണുനീർ വീഴുന്നുവോ, അവിടെയെല്ലാം ദൈവീക കരുണ നിലക്കൊള്ളുന്നു. കരുണയും, സ്‌നേഹവും, സഹനവും ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്രയാണ്. സ്‌നേഹവും ത്യാഗവും സഹനവും കാക്കുന്ന കർമ്മം ഓരോ നിമിഷവും വിശ്വാസ ജീവിതത്തിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു. ക്രിസ്തീയ ജീവിതത്തിൽ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും അനുരജ്ഞനത്തിന്റെയും ഭാവമുണ്ട്. നമ്മുടെയുള്ളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശാന്തതയൊരു വശത്ത് നിൽക്കുമ്പോൾ, ദൈവത്തിന്റെ സാദ്യശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട നാം ദൈവസാദൃശ്യത്തിൽ നിന്ന് ദൈവസ്വരൂപത്തിന്റെ പ്രാവർത്തികതയിലേക്ക് രൂപപ്പെടേണ്ടതാണ്. കണ്ണുനീർ എന്നത് നിസഹായന്റെ പ്രതിരോധമാണ്. ഗാനമെന്നത് അവരെ സംബന്ധിച്ചിടത്തോളം ഈതൊരർപ്പണവും ആരാധനയുടെ സുന്ദര അനുഭവവുമാണ്. സീയോൻ ഭവനത്തിൽ നിന്ന്, അസ്തിത്വത്തിൽ നിന്ന് കണ്ണുനീരോടെ യാത്രയാക്കപ്പെട്ട സമൂഹം. അവരുടെ പ്രതിരോധത്തിന്റെ രോധനവും, മുറവിളിയുമാണ് സഹനത്തിന്റെ ഈ ശാന്തത. ആരാധനാ സാധ്യതകളിൽ നിന്ന് ദൈവസാന്നിദ്ധ്യത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന ആരാധനാനുഭവങ്ങൾ നമ്മെ വെല്ലുവിളിക്കുന്നതിനോട് നാം എങ്ങനെ പ്രതികരിക്കുന്നു.

തലമുറകളിലേക്ക് പങ്കുവയ്ക്കുവാനുള്ള നല്ല ഓർമ്മകളുടെ പാഠപ്പുസ്തകങ്ങൾ നമുക്കിടയിൽ ഇന്ന് രൂപപ്പെടേണ്ടതുണ്ട്. കർത്താവുമായുള്ള ബന്ധം എന്ന ഓർമ്മ തലമുറകളുടെ ഹൃദയത്തിന്റെ മാംസപലകകളിലും തലച്ചോറിന്റെ മാംസകണികളിലും എഴുതിച്ചേർക്കേണ്ടതുണ്ട്. മനുഷ്യന്റെ മൂല്യസങ്കല്പ്പങ്ങളെ അല്ലെങ്കിൽ ആദ്ധ്യാത്മികതയെ മാറ്റിമറിക്കുന്ന ഇന്നിന്റെ കാലത്തിൽ കർത്താവിന്റെ ഓർമ്മ പങ്കിട്ടുനൽകേണ്ടതാണ്. ബി.സി. 585 ൽ കോരശ് രാജാവിനാൽ ബാബിലോൺ കീഴ്‌പ്പെടുകയും ബന്ധിതർ തിരിച്ചുവരികയും ഒടുവിൽ കിന്നരത്തിൽ നിന്ന് പ്രത്യാശയുടെ ഗാനങ്ങൾ ഉയരുകയും ചെയ്യുന്നു. ശാന്തത സമ്മാനിച്ച നിശബ്ദത, കണ്ണുനീർ, ഓർമ്മ, പ്രത്യാശ എന്നീ പാതകളിലൂടെ സഞ്ചരിക്കുവാൻ നമുക്ക് ഇടയാകണം. അവ നമുക്ക് പുതുഗാനങ്ങളാലപിക്കാനുള്ള പ്രചോദനമാകട്ടെ. ജീവൻ പോകുവോളം പുതുഗാനങ്ങളാലപിക്കുവാനുള്ള പ്രചോദനം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *