കൊല്ലം – വിവാഹ വാഗ്ദാനം നൽകി പതിനാറുകാരിയായ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവ് വീണ്ടും പോക്സോ നിയമപ്രകാരം അറസ്റ്റിലായി. പള്ളിത്തോട്ടം ഗലീലിയോ നഗർ 107-ൽ താമസിക്കുന്ന ഫിജോയ് ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ രണ്ട് പോക്സോ കേസുകളും മൂന്ന് വധശ്രമ/ആക്രമണ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
മൈനറായ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്. കൂടാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയ വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോണിലെ സ്വകാര്യ ചിത്രങ്ങളും സന്ദേശങ്ങളും കണ്ടെത്തുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പള്ളിത്തോട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് പോലീസ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പ്രതി നടത്തിയ പീഡനവിവരങ്ങൾ പുറത്തുവരുന്നത്. മുൻപും ഗുരുതരമായ ക്രിമിനൽ കേസുകളിൽ പോലീസ് പിടിയിലായിട്ടുള്ള വ്യക്തിയാണ് ഫിജോയ്.
ഇരവിപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിത്തോട്ടം എസ്.എച്ച്.ഒ പ്രതിഭ, എസ്.ഐ നിരഞ്ജന, എസ്.ഐ സുനിൽ, എ.എസ്.ഐ ബിനു, സി.പി.ഒമാരായ നന്ദകുമാർ, രാജേഷ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഫിജോയിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

