തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ; ശ്രദ്ധിക്കേണ്ടതെന്തെല്ലാം..

Kerala Pathanamthitta Politics
Print Friendly, PDF & Email

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും മാർഗനിർദേശത്തിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ സ്‌ക്വാഡുകളും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് ശ്രദ്ധിക്കേണ്ടത് ഇവയാണ്.

1. രാഷ്ട്രീയ പാർട്ടി നേതാക്കളേയോ പ്രവർത്തകരേയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ വിമർശിക്കരുത്. വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കരുത്

2. യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടുകയും ചെയ്യണം

3. ക്ഷേത്രം, പള്ളികൾ തുടങ്ങിയവയോ മറ്റ് ആരാധനാലയങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത്. വോട്ട് ഉറപ്പിക്കുന്നതിനായി ജാതിയോ വർഗീയ വികാരമോ ഉപയോഗിക്കരുത്.

4. വാഹനത്തിൽ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികൾ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഉപയോഗിക്കരുത്

5. മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങൾ എല്ലാ കക്ഷികൾക്കും സ്ഥാനാർഥികൾക്കും നിഷ്പക്ഷമായി ലഭ്യമാക്കണം

6. ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം

7. 50,000 രൂപയിൽ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റു സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണം. നിശ്ചിത സാഹചര്യങ്ങളിൽ ഒഴികെ 2,00,000 രൂപയിലധികം പണമായി ഒരു ദിവസം ഒരാൾക്കോ കമ്പനിക്കോ സ്ഥാപനത്തിനോ ബാങ്കിൽ നിന്ന് ലഭിക്കില്ല.

8. ജാഥകൾ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം. ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം

9. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പ് പ്ലെയിൻ വെള്ളക്കടലാസിൽ ആയിരിക്കണം. അതിൽ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർഥിയുടെ പേരോ പാടില്ല

10. സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നൽകി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങൾ സ്വാധീനിക്കുന്ന വിധം അഭ്യർഥനകൾ നടത്തുകയോ അരുത്

11. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളുടെയോ അവരുടെ നേതാക്കളുടെയോ പ്രതിനിധീകരിക്കുന്ന കോലം ചുമക്കുന്നതും അത്തരം കോലം പൊതുസ്ഥലത്ത് കത്തിക്കുന്നതും മറ്റ് തരത്തിലുള്ള പ്രകടനങ്ങളും കുറ്റകരമാണ്.

12. ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പോലീസിനെ പ്രാപ്തരാക്കുന്നതിനായി പാർട്ടിയോ സ്ഥാനാർഥിയോ ഏതെങ്കിലും നിർദ്ദിഷ്ട മീറ്റിംഗ് സ്ഥലത്തെയും സമയത്തെയും കുറിച്ച് യഥാസമയം പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കേണ്ടതാണ്.

13. മീറ്റിംഗിനായി നിർദ്ദേശിച്ച സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണമോ നിരോധന ഉത്തരവോ നിലവിലുണ്ടോ എന്ന് ഒരു പാർട്ടിയോ സ്ഥാനാർഥിയോ മുൻകൂട്ടി പരിശോധിക്കണം. ഉച്ചഭാഷിണികൾ അല്ലെങ്കിൽ മറ്റേതെങ്കിലും സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് അനുമതിയോ ലൈസൻസോ ലഭിക്കണമെങ്കിൽ, പാർട്ടിയോ സ്ഥാനാർഥിയോ ബന്ധപ്പെട്ട അധികാരികൾക്ക് മുൻകൂട്ടി അപേക്ഷിച്ച് അത്തരം അനുമതിയോ ലൈസൻസോ നേടേണ്ടതാണ്.

14. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതു ഇടങ്ങളിൽ മീറ്റിംഗ് നടത്താൻ അനുമതി നൽകിയാൽ, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യ അവസരം നൽകും. യോഗം അവസാനിച്ചാലുടൻ എല്ലാ പ്രചാരണ സാമഗ്രികളും സ്ഥലത്ത് നിന്ന് നീക്കം ചെയ്യണം.

15. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും ഉത്തരവുകൾ അനുസരിച്ചും മാത്രം യോഗങ്ങളും ഘോഷയാത്രകളും നടത്തുക.

16. ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രിന്റിംഗ് പ്രസുകളുടെ പേരും അച്ചടിച്ച പകർപ്പിന്റെ എണ്ണവും രേഖപ്പെടുത്തണം.

17. ലഘുലേഖകൾക്കും പോസ്റ്ററുകൾക്കും മുകളിൽ സ്ഥാനാർഥിയുടെയും പ്രസാധകന്റെയും പേരും വിലാസവും അച്ചടിക്കണം. സ്ഥാപിച്ചിരിക്കുന്ന പരസ്യ ഹോർഡിംഗുകളുടെയും ബാനറുകളുടെയും വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽ റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതാണ്.

18. പ്രചാരണ വാഹനങ്ങളിലും വീഡിയോ കാമ്പെയ്ൻ വാഹനങ്ങളിലും ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നത് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്.

ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിനായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാൻ ജില്ലയിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയെ വിന്യസിച്ചു. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ പരാതി തെളിവു സഹിതം കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറെ (നോഡൽ ഓഫീസർ ആൻഡ് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം) അറിയിക്കാം. ഫോൺ: 8547610041, 0468-2270506.

Leave a Reply

Your email address will not be published. Required fields are marked *