ചെന്നീർക്കര: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോട് അനുബന്ധിച്ച് മില്ലറ്റ് വിഭവ മേളയും പ്രദർശനവും നടത്തി. കുട്ടികളും അധ്യാപകരും തയാറാക്കിക്കൊണ്ടു വന്ന വിഭവങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. തിന, റാഗി, വരക്, പനിവരക്, ജോവർ, ബജ്‌റ, ജോവർ, തിന തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചാണ് വിഭവങ്ങൾ തയാറാക്കിയത്.

ചെറുധാന്യങ്ങൾ കൊണ്ടുള്ള ദോശ, ഇഡലി, പുട്ട്, നൂഡിൽസ്, ഹൽവ, പായസം, കേക്ക്, പുഡിങ്, ബിസ്‌കറ്റ്, കഞ്ഞി, ഉണ്ണിയപ്പം, വട്ടയപ്പം എന്നിവ കുട്ടികൾ തയാറാക്കി പ്രദർശനത്തിന് എത്തിച്ചു. മില്ലറ്റുകളുടെ പ്രാധാന്യം സംബന്ധിച്ച് പോസ്റ്റർ പ്രദർശനവും നടത്തി. വിദ്യാർഥികളായ ജിതലക്ഷ്മി, നിവേദ്യ, വിസ്മയ, അനാമിക, നിത്യ, അമൃത, ഗൗരി, നന്ദന, അഥീന എന്നിവരാണ് വിഭവങ്ങൾ തയാറാക്കി കൊണ്ടു വന്നത്. ഹെഡ്മിസ്ട്രസ് ഷീബ, അധ്യാപകരായ ഉല്ലാസ്, അഞ്ജന, അഞ്ജു പ്രസാദ്, രാജലക്ഷ്മി, കല, അനുജ എന്നിവർ നേതൃത്വം നൽകി.

What do you feel about this post?
Like
Love
Happy
Haha
Sad

