“ജീപ്പ് ക്യാപ്റ്റൻ” എന്ന് ലോകമറിയുന്ന അടൂരുകാരൻ ഷിബു വർഗ്ഗീസ് !!

Pathanamthitta Lifestyle TECH
Print Friendly, PDF & Email

ദുബായ് – വേൾഡ് ബാങ്കിലെ ഐടി മനേജരായി ദുബായിൽ ജോലി ചെയ്തുകൊണ്ടിരുന്ന അടൂരുകാരൻ ഷിബു വർഗീസ്, ഒരു നിത്യ സഞ്ചാരിയായി മാറിയത് പെട്ടെന്നല്ല. ചെറുപ്പത്തിൽ അച്ഛന്റെ വീട് അടൂരും അമ്മയുടെ വീട് വയനാട്ടിലുമായിരുന്നു. ചെറുപ്പം മുതൽ കൗമാരം വരെയുള്ള ഈ തെക്ക് – വടക്ക് യാത്രയുടെ ഈണം തന്റെ ജീവിത താളം തന്നെയാകുകയായിരുന്നു എന്ന് ഷിബു പറയുന്നു. പിതാവ് അടൂർ നെല്ലിമുകൾ തെവോട്ടുവിളയിൽ പിഐ വർഗ്ഗീസ് നീണ്ട 36 വർഷക്കാലത്തോളം അടൂർ ഷാർജ എയർപോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു. ആദ്യമായി ദുബായിലെ അടൂരുകാരുടെ കൂട്ടായ്മ അടൂർ എൻആർഐ ഫോറം ഉണ്ടാക്കിയത് അദ്ദേഹമായിരുന്നു. ആദ്യ പ്രസിഡന്റും അദ്ദേഹമായിരുന്നു. കൗമാരത്തിൽത്തന്നെ മഹീന്ദ്രയുടെ ഒരു 4×4 ഡ്രൈവ് വാഹനം സ്വന്തമാക്കിയ ഷിബു പിന്നീട് ജീവിതത്തിൽ റൈഡിൽ ഒരിക്കലും പിന്നോട്ട് നോക്കിയിട്ടില്ല,

 

2009 ലെ ആദ്യ ലഡാക്ക് യാത്രയ്ക്കു ശേഷം ഷിബു ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത് – We have not conquered anything. We all just became a part of nature for some days.

ഇപ്പോഴത്തെ നാൽപത്തിയെട്ട് വയസ്സിനുള്ളിൽ മുപ്പത്തിയൊൻപതു ഹിമാലയൻ യാത്ര. സഞ്ചാര പ്രേമികൾക്ക് ഹിമവാന്റെ മുകളിലേക്ക് പോകുവാൻ വഴികാട്ടിയായ ഗുരു തന്നെയാണ് ഇപ്പോൾ ഇദ്ദേഹം. ഏറ്റവുമൊടുവിൽ മോട്ടർസ്ക്രൈബ്സ് ഓട്ടോ അവാർഡ്സ് 2023 ലെ “ഓട്ടോ ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ” എന്ന ബഹുമതിയാണ് ഷിബുവിനൊപ്പം ഹിമാലയൻ യാത്രകൾ കൊണ്ട് കൂടെക്കൂടിയത്.

ഇരുപതാമത്തെ വയസ്സിൽ 4 WD വിഭാഗത്തിൽ എഫ്എംഎസ്‌സിഐ (Federation of Motor Sport Clubs of India) റാലി ലൈസൻസ് നേടിയ ഷിബു പത്തൊൻപതാം വയസ്സു മുതൽ സാഹസിക സഞ്ചാരികൾക്ക് ഫോർ വീൽ ഡ്രൈവിൽ പരിശീലനം കൊടുത്തു വരുന്നു. 2010 ൽ ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് കോംപറ്റീഷൻ നടത്തിയതും ഷിബു വർഗീസിന്റെ നേതൃത്വത്തിലാണ്.

കഴിഞ്ഞ പ്രളയ സമയത്ത് തന്റെ 4 x 4 India സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ സുഹൃത്തുക്കൾക്കൊപ്പം പ്രളയ ചെളിയിലൂടെയും വെള്ളത്തിലൂടെയും ആളുകളെ രക്ഷിക്കാനും, ആശുപത്രികളിലെത്തിക്കാനും, ഭക്ഷണ സാധനങ്ങൾ അടക്കം വിതരണം ചെയ്യാനുമൊക്കെ ഷിബു വർഗ്ഗീസും കൂട്ടുകാരും ചെയ്ത സേവനങ്ങൾ ചെറുതല്ല. സമയോചിതമായ അവരുടെ ഇടപെടലുകൾ പല ജീവനുകളെയും രക്ഷിക്കാൻ സഹായിച്ചു.

ലോകത്തിലെ എല്ലാ ഫോർ ബൈ ഫോർ ഭ്രാന്തന്മാർക്കും ഇഷ്ടപ്പെട്ട ഒരു ബ്രാൻഡ് ഉണ്ടാവും. ഇവർക്കൊക്കെ വേണ്ടി അമ്പതോളം എഫ്ബി ഗ്രൂപ്പുകൾക്കാണ് ഷിബു നേതൃത്വം നൽകുന്നത്. ആകെ അംഗങ്ങൾ ഒരു ദശലക്ഷത്തിലധികം !! ഇതിൽ ഏറ്റവും സജീവമായ ഗ്രൂപ്പ്, 4 x 4 India, 1,76,000 അംഗങ്ങളുമായി ബഹുദൂരം മുന്നിലാണ്.

ആർഎഫ്സി ഇന്ത്യ (Rain Forest Challenge – India) 2017, 2018 എഡിഷനുകളിൽ പങ്കെടുത്തിട്ടുള്ള ഷിബു, മലേഷ്യയിലെ വിഖ്യാതമായ റെയിൻ ഫോറസ്റ്റ് ചാലഞ്ചിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്. ലോകമെങ്ങുമുള്ള സാഹസിക സഞ്ചാരികളുടെ സ്വപ്നമാണ് Baja- 1000. എല്ലാ വർഷവും നടക്കുന്ന ഈ മെക്സിക്കൻ മോട്ടർ സ്പോർട്ട് ഇവന്റിലേക്ക് ആറ് വൻകരകളിൽനിന്നു മത്സരാർഥികൾ എത്തുന്നു. 2019 ൽ ഈ മത്സരം നിയന്ത്രിച്ച ഒഫിഷ്യലുകളിലൊരാൾ ഷിബു വർഗീസ് എന്ന അടൂരുകാരൻ ആണെന്നത് നമുക്ക് അഭിമാനകരമല്ലേ?

ഈ തിരക്കുകൾക്കിടയിലും കേരളത്തിലെ സാഹസിക യാത്രികർക്കു വേണ്ടി രണ്ട് ഇവന്റുകൾക്ക് തുടക്കമിടാനും ഇദ്ദേഹത്തിനു കഴിഞ്ഞു – ഗ്രേറ്റ് മൗണ്ടൻ ചാലഞ്ച് (ജിഎംസി), സഹ്യാദ്രി ഓഫ്‌റോഡ് ചാലഞ്ച് (എസ്ഒസി). സഞ്ചാരികൾക്ക് ഏത് ഊടുവഴിയും ദേശീയപാതയാണ്; ഏത് പോയിന്റും ഡെസ്റ്റിനേഷനും. നെടുകെയും കുറുകയുമുള്ള പാതകളെ കൈരേഖ പോലെയറിഞ്ഞാലേ യാത്രികനാവാൻ കഴിയൂ; യാത്രകളെ നയിക്കാനും !

സിരാപടലം പോലെ, കൂടിമറിഞ്ഞു കിടക്കുന്ന ഇന്ത്യൻപാതകളെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനെ കണ്ടുമുട്ടിയതാണ് ഷിബുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് – എച്ച്.വി.കുമാർ എന്ന മലയാളി. ‘ഹ്യൂമൻ ജിപിഎസ്’ എന്ന് അദ്ദേഹത്തെ മെന്ററായി സ്വീകരിച്ച സഞ്ചാരപ്രിയർ സാക്ഷ്യപ്പെടുത്തും. അറിയാത്ത വഴികളില്ല, പോകാത്ത സ്ഥലങ്ങളും. HV Kumar Fan, Forum and Message Board എന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഇപ്പോൾ ട്രാവൽ എന്തൂസിയാസിസ്റ്റുകളിലേറെയും ആശ്രയിക്കുന്ന ഒരിടം.

എച്ച്.വി. കുമാറിന്റെ പ്രഫഷനൽ സമീപനങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടു കൊണ്ടാണ് 2011 മുതൽ ഷിബു യാത്രകളെ ‘റീസ്ട്രക്ചർ’ ചെയ്യുന്നത്. ഇന്ന് നിരവധി സാഹസ സഞ്ചാരികളുടെ മെന്ററും വാഹനപ്രിയർക്ക് ധൈര്യത്തോടെ ആശ്രയിക്കാവുന്ന ‘ഗോഡ് ഫാദറു’ മാണ് ‘ജീപ്പ് ക്യാപ്റ്റൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഷിബു വർഗീസ് എന്ന ഈ അടൂരുകാരൻ . വയനാട്ടിലെ അമ്മയുടെ വീടിനു സമീപം സ്വന്തമായി തോട്ടങ്ങൾ ഉള്ള ഷിബു ഇപ്പോൾ നല്ലൊരു കൃഷിക്കാരൻ കൂടിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *