പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ല പൂർണ്ണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. അഞ്ച് ശതമാനം ബൂത്തുകൾ വനിതാ പോളിംഗ് ബൂത്തുകളായി പ്രഖ്യാപിക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ് സേനകളുടെ പ്രത്യേക ടീമുകൾ തയ്യാറാണ്. വോട്ടിംഗ് മെഷീനുകൾ പരിശോധിച്ച് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രതികരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക ടീമിനെ പോലീസ് വകുപ്പ് നിയോഗിച്ചിട്ടുണ്ട്.


സമ്മതിദാനത്തിനെത്തുന്ന എല്ലാവർക്കും മികച്ച വോട്ടിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാവണം ക്രമീകരണങ്ങൾ. പോളിങ് ബൂത്തുകൾ സ്ത്രീ സൗഹൃദമായിരിക്കണം. വയോജനങ്ങൾക്ക് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. ബൂത്തുകളിലെ വരികൾ നീണ്ടുപോകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്യണം. 80 വയസിനു മുകളിൽ പ്രായമുള്ള വോട്ടർമാർക്ക് അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കണം. നൂറു വയസിനു മുകളിൽ പ്രായമുള്ള വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തണം.
ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബൂത്തുകളും നേരിട്ടു സന്ദർശിച്ച് റിപ്പോർട്ട് നൽകണം. കുടിവെള്ളം, റാമ്പുകൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണം. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പു വരുത്താൻ ബിഎൽഒമാർ പരിശോധന നടത്തി മരണപ്പെട്ടവരുടെയും ഇരട്ടിപ്പ് വോട്ടര്മാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ എ.ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, എഡിഎം സുരേഷ് ബാബു, ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) പദ്മചന്ദ്രക്കുറുപ്പ്, സെക്ഷൻ ഓഫീസർ ശിവലാൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


