പിരിവ് കൊടുക്കാത്തതിന് യുവാവിന്റെ മേൽ ജീവൻ രക്ഷാപ്രവർത്തനം നടത്തി സിപിഎം – ഡിവൈഎഫ്‌ഐ നേതാക്കൾ : മൂക്കിന്റെ പാലം തകർന്ന് യുവാവ് ചികിൽസയിൽ

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍ – സിപിഎം ലോക്കല്‍ സെക്രട്ടറി വന്നു പിരിവു ചോദിച്ചപ്പോള്‍ കൊടുത്ത തുക കുറഞ്ഞു പോയതിന്റെ പേരില്‍ മണ്ണെടുപ്പുകാരന്റെ മൂക്കിന്റെ പാലം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഇടിച്ചു തകര്‍ത്തുവെന്ന് പരാതി. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയെന്നും ആക്ഷേപം.

തുവയൂരിലുള്ള അഖില്‍ ചെറിയാന്‍ എന്നയാള്‍ക്ക് നേരെയാണ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആദര്‍ശ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് അടൂര്‍ ടൗണില്‍ ആക്രമണം നടന്നത്. സിപിഎം തുവയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി അനീഷ് അഖിലിനോട് വന്‍ തുക പിരിവായി ആവശ്യപ്പെട്ടിരുന്നു. തനിക്കിപ്പോള്‍ മണ്ണെടുപ്പ് ഇല്ലാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അത്രയും പണം തരാന്‍ കഴിയില്ലെന്നും അഖില്‍ പറഞ്ഞു. 2000 രൂപ ഗൂഗിള്‍പേ ചെയ്തു കൊടുക്കുകയും ചെയ്തു.

തുക കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നുവത്രേ ആക്ഷേപം. അടൂര്‍ ടൗണില്‍ വച്ച് ആദര്‍ശിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അഖിലിനെ മര്‍ദിച്ചു. മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. മൂക്കിന്റെ പാലം തകര്‍ന്ന് പരുക്കേറ്റ അഖില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പൊലീസിന് പരാതി നല്‍കി. എന്നാല്‍, ഇവിടെ സിപിഎം നേതാക്കള്‍ ഇടപെട്ടു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന് ഇവര്‍ പറഞ്ഞതിനാല്‍ പൊലീസ് കേസെടുക്കാന്‍ തയാറായില്ല.

വിവരം അറിഞ്ഞ അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജ് ഇടപെട്ട് അഖിലിന്റെ പരാതിയില്‍ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. ലോക്കല്‍ സെക്രട്ടറി അനീഷ് അടക്കം കേസില്‍ പ്രതിയാകുമെന്നാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സംഘമാണ് അഖിലിനെ ആക്രമിച്ചത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *