പത്തനംതിട്ട – പ്രക്കാനത്ത് കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. മാണിക്കത്തറയിൽ അച്ചൻ കുഞ്ഞിന്റെ വീടിനോട് ചേർന്ന സംരക്ഷണഭിത്തിയാണ് ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് ഉണ്ടായ കനത്ത മഴയിൽ തകർന്ന് വീണത്. വീടിന്റെ മതിലിനോട് ചേർന്ന് വെള്ളമൊഴുക്കുള്ള തോടുണ്ട്. മഴ പെയ്യുന്നതോടെ തോട്ടിൽ നീരൊഴുക്ക് ശക്തമാകും. മഴ ശക്തമായതിനെ തുടർന്ന് തോടിനോട് ചേർന്ന മതിലും അതിന്റെ മുകളിൽ ഉണ്ടായിരുന്ന സംരക്ഷണഭിത്തിയും നിലംപൊത്തുകയായിരുന്നു.
വീടിന്റെ ഭിത്തി വരെ മണ്ണ് ഒലിച്ച് പോയതിനാൽ വീട് അപകട ഭീഷണിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അച്ചൻ കുഞ്ഞിന് ഉണ്ടായിരിക്കുന്നത് ശക്തമായ മഴ കാരണം തോട്ടിലെ ജല നിരപ്പ് ഉയരുകയും ഒഴുക്കിന് ശക്തി കൂടുകയും ചെയ്തു. സമീപത്തെ പാടശേഖരത്ത് മടവീഴ്ച ഉണ്ടായി. വെറ്റിലക്കൊടി അടക്കം കൃഷിക്ക് വൻ നാശം സംഭവിച്ചു. മഴയോട് കൂടി ശക്തമായ ഇടിമിന്നൽ ഉണ്ടായതിനെ തുടർന്ന് ചില വീടുകളിലെ ഗാർഗിക ഉപകരണങ്ങൾക്കും നഷ്ടം സംഭവിച്ചു. മരം വീണ് വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും നാശം സംഭവിച്ചു.
പ്രക്കാനം, മുട്ടത്തുകോണം തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡ് പനയ്ക്കൽ കോളനിയിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. പഞ്ചായത്തിന്റെ വിഭവ ഭൂപടത്തിൽ ചെന്നീർക്കര എത്തരം, ഈന്താറ്റുപാറ മുതൽ മെഴുവേലി പഞ്ചായത്തിലെ ചന്ദനക്കുന്ന് വരെയുള്ള പ്രദേശങ്ങളിലെ ഏറ്റവും ഉയരമേറിയ പനയ്ക്കലിനെ നീർത്തട പദ്ധതി പ്രദേശമായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.


