ന്യൂഡൽഹി – ക്രിക്കറ്റിൽ പാകിസ്താനെതിരെ അഫ്‌ഗാനിസ്ഥാൻ കഴിഞ്ഞ ദിവസം നേടിയത് ചരിത്ര വിജയമാണ് . മുൻ ലോക ചാമ്പ്യൻമാരെ എട്ട് വിക്കറ്റിനാണവർ തകർത്ത് വിട്ടത്. അഫഗാനിസ്ഥാനെതിരായ തോൽവിയോടെ പാകിസ്താന്റെ സെമി ഫൈനൽ സ്വപ്നങ്ങൾക്കും മങ്ങലേറ്റിരിക്കുകയാണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നാലെയായിരുന്നു പാകിസ്താനെതിരായ അഫ്ഗാനിസ്താന്റെ ജയം.
അഫ്ഗാനിസ്താന്റെ വിജയത്തിന് പിന്നാലെ തലസ്ഥാനമായ കാബൂളിൽ ദീപാവലിക്ക് സമാനമായ വൻ ആഘോഷമാണ് നടന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സരം അവസാനിച്ച് 15 മിനിറ്റിന് ശേഷമായിരുന്നു ആഘോഷത്തിനു തുടക്കം. തോക്ക് കൊണ്ട് വെടിവെച്ചും പടക്കം പൊട്ടിച്ചുമാണ് അഫ്ഗാൻ ആരാധകർ ടീമിന്റെ വിജയം ആഘോഷിച്ചത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റെടുത്തതിനെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടെയായിരുന്നു ടീമിന്റെ വിജയാഘോഷം എന്നത് ശ്രദ്ധേയം .
ചെപ്പോക്കിൽ അയൽക്കാരായ പാകിസ്താനെ താരതമ്യേന ദുർലബലരായ അഫ്ഗാനിസ്താൻ എട്ട് വിക്കറ്റിനാണ് തകർത്ത് വിട്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്താൻ ആറ് പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. സ്കോർ – അഫ്ഗാനിസ്താൻ – 286 (2 wkts, 49 Ov)


