യുണൈറ്റഡ് നേഷൻ : ഇസ്രയേൽ – ഹമാസ് യുദ്ധം അടിയന്തിരമായി നിർത്തിവെക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പാസാക്കി. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ആവശ്യം ഉൾപ്പെടെ ഉൾക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോർദാൻ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങൾ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഗസ്സയിൽ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാൽ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേൽ, മാർഷൽ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രമേയത്തോട് വിയോജിച്ചപ്പോൾ ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, ഫിൻലൻഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാൻ, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ, ടുണീഷ്യ, യുക്രൈൻ, യുകെ മുതലായ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.



