ചെളിക്കുഴിയിലെ കാട്ടിലൂടെ കടന്നുകയറി ശരംകുത്തിയിലെ കേബിൾ മോഷണം: ഇടുക്കി പുളിയന്മലയിൽ നിന്ന് പ്രതികൾ പിടിയിൽ

Crime Pathanamthitta

പത്തനംതിട്ട: പമ്പ-ശബരിമല പാതയിൽ ശരംകുത്തിയിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴു പേരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ പമ്പ പോലീസ് പിടികൂടി. കട്ടപ്പന പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതൽ ആറുവരെ പ്രതികളെ പുളിയൻമലയിലും ഏഴാം പ്രതി ജലീലിനെ പമ്പയിലും നിന്നുമാണ് പിടികൂടിയത്.

കഴിഞ്ഞ 12 ന് രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കേടുപാടുകൾ വരുത്തിയശേഷം 280 മീറ്റർ ആർഎഫ് കേബിൾ, 35 മീറ്റർ എർത്ത് കേബിൾ, 55 ഡി.സി കേബിളുകൾ, 100 മീറ്റർ ലാൻഡ്‌ലൈൻ കേബിൾ, ഒന്നര കിലോമീറ്റർ ദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്‌ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എംസിബി കേബിൾ എന്നിവയാണ് മോഷ്ടിച്ചത്. ആകെ രണ്ടര ലക്ഷത്തോളം രൂപ വിയ വരും.

ബിഎസ്എൻഎൽ ഡിവിഷണൽ എൻജിനിയറുടെ പരാതിപ്രകാരമാണ് പമ്പ പൊലീസ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ ഉത്തരവുപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകൾ അനുസരിച്ച് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായാണ് മോഷ്ടാക്കളെ കുടുക്കിയത്.

ചാലക്കയം മുതൽ പമ്പ വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ, സംഭവദിവസം രാവിലെ ആറിന് ചെളിക്കുഴി ഭാഗത്തു കൂടി കാട്ടിലൂടെ നാലു പേർ കയറിപ്പോകുന്നത് കണ്ടെത്തി. ശരംകുത്തിയിലെത്തി മോഷണം നടത്തിയശേഷം, രണ്ടുപേർ കേബിളുകൾ ചാക്കുകളിലാക്കി പലതവണയായി ചുമന്നു കൊണ്ട് താഴെയെത്തിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കാറിലാണ് മോഷ്ടിച്ച സാധനങ്ങൾ പ്രതികൾ കടത്തിയത്. കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക് പോയിട്ടുണ്ട്.

ഡിവൈ.എസ്.പിമാരായ ആർ. ബിനു (റാന്നി), രാജപ്പൻ റാവുത്തർ (കോന്നി), ഡോ.ആർ.ജോസ് (ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്), വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജഗോപാൽ, റാന്നി എസ്.ഐ അനീഷ്, പമ്പ എസ്.ഐമാരായ സജി, സുഭാഷ്, സിപിഓമാരായ സുധീഷ്, അനു എസ് രവി, ജസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേബിൾ മോഷണം പോയ വാർത്ത പുറത്തു വന്നതോടെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ശബരിമലയിലെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ആർക്കും വനത്തിലൂടെ ചെന്നെത്താൻ കഴിയുമെന്നാണ് മോഷ്ടാക്കൾ കാട്ടിത്തന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *