രഞ്ജിതയുടെ ഓർമ്മക്കായി കത്തിക്കരിഞ്ഞ സ്വർണമാല, മോതിരം, വസ്ത്രത്തിന്റെ കത്താത്ത ഒരു ഭാഗം, ചെരുപ്പ് എന്നിവ സൂക്ഷിക്കും

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി.നായരുടെ (40) സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ടാണ് പൂർത്തിയായത്. അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തവേ പൊട്ടിക്കരഞ്ഞ മകൻ ഇന്ദുചൂഡ‌ന്റെയും മകൾ ഇതികയുടെയും നിലവിളി ആ നാടിന്റെ നൊമ്പരമായി.

ദുരന്തം നടന്ന് 11-മത്തെ ദിവസമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം മന്ത്രിമാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ, അജയകുമാർ വല്ലുഴത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി.

രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പത്ത് മണിക്ക് ശേഷം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ പുഷ്പചക്രം സമർപ്പിച്ചു. വീട്ടിലെത്തിച്ച മൃതദേഹം പുല്ലാട് കോഞ്ഞോണ് തറവാടിന് സമീപം രഞ്ജിത പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ നടുത്തളത്തിൽ പൊതുദർശനത്തിന് വച്ചതോടെ അമ്മ തുളസിക്കുട്ടിയമ്മയും മക്കളും ബന്ധുക്കളും കരച്ചിൽ അടക്കാനാകാതെ നിലവിളിയായി. വൈകിട്ട് നാലരയോടെയായിരുന്നു സംസ്കാരം. മകൻ ഇന്ദുചൂഡൻ, രഞ്ജിതയുടെ സഹോദര പുത്രൻമാരായ കാശിനാഥ്, ശ്രീറാം എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.

രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതർ കൈമാറി. ര‌ഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്ത് നിന്ന് കിട്ടിയ വസ്തുക്കളാണ് ബന്ധുക്കൾക്ക് കൈമാറിയത്. 90ശതമാനവും കരിഞ്ഞുരുകിയ നിലയിലായിരുന്നു സ്വർണമാല. സീറ്റിനടുത്ത് നിന്ന് സ്വർണമാല, മോതിരം, വസ്ത്രത്തിന്റെ കത്താത്ത ഒരു ഭാഗം, ചെരുപ്പ് എന്നിവയാണ് കിട്ടിയത്. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവ ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹത്തിനൊപ്പമാണ് ആ പെട്ടിയും വീട്ടിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *