പരുമല – ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണമാണ് ആലോചനായോഗം ചേർന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മികച്ച രീതിയിലുളള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. ക്ലോറിനേഷൻ, ഫോഗിംഗ് പോലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണം.
പെരുന്നാൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകൾ കർശനമാക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ പാടില്ല. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേ• പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഒരു രഹസ്യ സ്‌ക്വാഡ് ഭക്ഷ്യസാധനങ്ങളുടെ ഗുണമേ•ാ പരിശോധനയ്ക്കായിയുണ്ടാകും.
പൊതുമരാമത്ത് വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്നും മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ പുഴകളുടെ വശങ്ങളിൽ അപകടസാധ്യതാ ബോർഡുകൾ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ലെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് നിർമാർജ്ജനം ചെയ്യണം. ശുചിത്വമിഷന്റെ സഹകരണത്തോടെ പ്രത്യേക പ്ലാൻ തയ്യാറാക്കണം. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ ഡിപ്പോകളിൽ നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സർവീസ് വിപുലപ്പെടുത്തണം. ഷെഡ്യൂളുകൾ ബന്ധപ്പെട്ടവരെ അറിയിക്കണം. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പ്രവർത്തിക്കണം. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കുന്നത് പ്രധാനപ്പെട്ടതാണെന്നും കുടിവെള്ളസൗകര്യം പഞ്ചായത്തിന്റെ സഹകരണത്തോടെ ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർ ഒ പ്ലാന്റ് ജല അതോറിറ്റി സ്ഥാപിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എൽ.എ നിർദേശിച്ചു. പാലങ്ങളിലെ കാടുകൾ തെളിക്കണമെന്നും എംഎൽഎ പറഞ്ഞു.
വിപുലമായ ജനപങ്കാളിത്തത്തോടെ പെരുനാൾ നടത്തുന്നതിനാവശ്യമായ സർക്കാർ തല ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീന്റെ നേതൃത്വത്തിൽ വകുപ്പുദ്യോഗസ്ഥരുടെ യോഗം ഒക്ടോബർ 17 നും പൊലീസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത്, കെഎസ്ആർടിസി എന്നീ വകുപ്പുകളുടെ യോഗം ഒക്ടോബർ 20 നും ചേരുമെന്ന് കളക്ടർ അറിയിച്ചു. അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വീണ്ടും യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു.
പെരുനാളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേകമായി യോഗം വിളിച്ചു ചേർക്കുമെന്ന് ആലപ്പുഴ എഡിഎം എസ്. സന്തോഷ്‌കുമാർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ, കെ എസ് ആർ ടി സി സർവ്വീസ്, റോഡ് അറ്റകുറ്റപ്പണി എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വളരെയധികം തീർഥാടകർ വരാനുള്ള സാധ്യത കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ തയ്യാറാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കൺട്രോൾ റൂം തുറക്കും. സിസിടിവികൾ ക്രമീകരിക്കും. കടകൾ ലേലത്തിലെടുക്കുന്നവരുടെ ഐഡി പ്രൂഫ് പരിശോധന കർശനമാക്കും. അനധികൃത കച്ചവടക്കാരെ ഒഴിവാക്കും. 350 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും ആവശ്യമായ ഗതാഗതക്രമീകരണങ്ങൾ ഏർപ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരുനാളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ആംബുലൻസ് സേവനം ഒരുക്കുകയും മെഡിക്കൽ ടീമിനെ സജ്ജമാക്കുകയും ചെയ്യും. പുളിക്കീഴ് ബ്ലോക്കിൽ ഫസ്റ്റ് എയിഡ് പോസ്റ്റ് ക്രമീകരിക്കും. തിരുവല്ല താലൂക്ക് ആശുപത്രിയിലും ചാത്തങ്കേരി സി എച്ച് സി യിലും മെഡിക്കൽ ടീമിനെ സജ്ജമാക്കും. അഗ്‌നിരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയെ ഒരു യൂണിറ്റിനെ നിയോഗിക്കും. കടപ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാതയോരങ്ങൾ വൃത്തിയാക്കുകയും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുകയും ചെയ്യും. വൈദ്യുതി മുടങ്ങാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ കെ എസ് ഇ ബി ഒരുക്കും. വഴി വിളക്കുകൾ അറ്റകുറ്റപണി ചെയ്യുന്നതിന് ആവശ്യമായ സഹായം നൽകും. ടാപ്പുകളിലൂടെയുള്ള കുടിവെള്ളവിതരണം ജല അതോറിറ്റി ഉറപ്പാക്കും. പെരുനാൾ കാലത്ത് അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിന് ഫയർഫോഴ്‌സ് പ്രത്യേക സജീകരണം ഒരുക്കും. വ്യാജമദ്യവിൽപനയും നിരോധിത ലഹരിവസ്തുക്കളുടെ വിൽപനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് പെട്രോളിംഗ് ശക്തമാക്കും.
ഒക്ടോബർ 26 ന് പരുമല തീർത്ഥാടന വാരത്തിന് തുടക്കമാകും. നവംബർ രണ്ടിന് പെരുനാൾ സമാപിക്കും. ഓർത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ കെ.വി പോൾ റമ്പാൻ, വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമൈൽ, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികൾ, വിവിധ ജില്ലാതല ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


