പത്തനംതിട്ട – സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ പത്തനംതിട്ടയിൽ ആഘോഷിച്ചു. ഫയർ ഫോഴ്സ് പത്തനംതിട്ട ആസ്ഥാന നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഫയർ സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാർ പതാക ഉയർത്തി. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സ്മിത എം നായർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സാബു ആശംസകൾ അർപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ഹോം ഗാർഡുകളും സിവിൽ ഡിഫൻസ് അംഗങ്ങളും ചടങ്ങിനു എത്തിയിരുന്നു.
ദിനാചരണത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസിന്റെയും ഹോം ഗാർഡുകളുടെയും ആഭിമുഖ്യത്തിൽ അച്ചൻകോവിൽ ആറ്റിലും പമ്പയാറ്റിലും ഉള്ള വിവിധ കടവുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ് നിർവഹിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും അയ്യപ്പഭക്തർ വന്ന് ചേരുന്ന ഇടങ്ങളിലും സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു സർക്കാർ സംരംഭമായ സിവിൽ ഡിഫൻസ് ഫയർ & റെസ്ക്യൂ സർവീസസുമായി ലയിപ്പിച്ച് ആണ് കേരളത്തിൽ പ്രവർത്തിച്ച് വരുന്നത്. പ്രകൃതി ദുരന്തങ്ങളിലും, യുദ്ധസമാന സാഹചര്യങ്ങളിലും പൊതുജന സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സേവന വിഭാഗമാണ് സിവിൽ ഡിഫൻസ്. വിദ്യാർത്ഥികൾ മുതൽ സർക്കാർ ജീവനക്കാർ വരെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ സിവിൽ ഡിഫൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
പല അടിയന്തര സാഹചര്യങ്ങളിലും, പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ഏതെങ്കിലും ദുരന്തങ്ങൾ സംഭവിക്കുമ്പോഴെല്ലാം സഹായം നൽകുന്നതിൽ സിവിൽ ഡിഫൻസും ഹോം ഗാർഡ്സും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും കഴിഞ്ഞ കോവിഡ് കാലം മുതൽ ജില്ലയിൽ സിവിൽ ഡിഫൻസ് നടത്തിയ പ്രവർത്തനങ്ങൾ അടുത്ത ഒരാഴ്ച വിവിധ ബോധവത്കരണ പരിപാടികൾ ഉൾപ്പെടുത്തി വാരാചരണം സംഘടിപ്പിക്കുമെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.



