കുമ്പനാട് – തെരുവുനായ ശല്യം രൂക്ഷമായതോടെ കോയിപ്രം – ഇരവിപേരൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നെല്ലിമല, കൊച്ചാലുമൂട്, നെല്ലിമല മാർത്തോമ്മാ പള്ളിപടി, പുത്തൻപീടിക എന്നീ പ്രദേശത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. ഏതു സമയവും ആളുകൾക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാവുന്ന സ്ഥിതിയാണ്.
കഴിഞ്ഞ 2 മാസത്തിനിടയിൽ കോയിപ്രം പഞ്ചായത്തിൽ മാത്രം 2 പേർ പേവിഷബാധയേറ്റു മരിച്ചിരുന്നു. ഒരു വർഷത്തിനിടെ നിരവധി ആളുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു. അടൂരിൽ നിന്നു കുമ്പനാട് മാതാവിന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ 10 വയസ്സുകാരനു കടിയേറ്റിരുന്നു.
നാട്ടുംപുറത്തെ കവലകൾ, അങ്കണവാടികൾ, സ്കൂളുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, എന്നിവയുടെ പരിസരങ്ങളിലും ഇവയുടെ ശല്യം നിയന്ത്രണാതീതമായി.
കഴിഞ്ഞ ദിവസം നെല്ലിമല പാരീഷ് ഹാളിന് സമീപം കനാൽ വഴിയിലും തെരുവുനായ്ക്കൾ കൂട്ടമായി എത്തിയിരുന്നു. ഇവിടെ രാവിലെ നടക്കാൻ പോയവരെയും തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ വന്നിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപം പന്ത് കളിച്ചുകൊണ്ടിരുന്ന നെല്ലിമല സ്റ്റാർ ക്ലബിലെ അംഗങ്ങളുടെ സഹായം തേടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം കൊച്ചാലുമൂടിന് സമീപം പേപ്പട്ടി ഇറങ്ങിയത് ആളുകളിൽ ഭീതി പരത്തിയിരുന്നു. തെരുവുനായ്ക്കളുടെ ശല്യം ഇത്രയും ഭീതിജനകമായിട്ടും കോയിപ്രം ഇരവിപേരുർ പഞ്ചായത്തുകൾ തെരുവ് നായ്ക്കളെ പിടിച്ചു കൊണ്ടു പോകുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിൽ നിന്നും ഒരുവിധ ഉത്തരവുകളും തങ്ങൾക്ക് ഇല്ലെന്നും നാട്ടുകാരുടെ സഹായത്തോടെ തെരുവു നായ്ക്കളെ ഓടിച്ച് വിടണമെന്നുള്ള വിചിത്രമായ മറുപടിയാണ് പഞ്ചായത്ത് അധികാരികൾ പറയുന്നു. കഴിഞ്ഞ ദിവസം കുമ്പനാട്ടെ സ്കൂളിലേക്കുള്ള വഴിയിലും സ്കൂൾ അങ്കണത്തിലും തെരുവുനായ്ക്കൾ കൂട്ടമായി എത്തിയതിനെ തുടർന്നു ആദ്യമായി തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്നു സംരക്ഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുബിൻ നീറുംപ്ലാക്കലിന്റെ നേതൃത്വത്തിൽ കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ എത്തി സഹായം നൽകിയിരുന്നു.
തെരുവുനായ്ക്കൾക്ക് ചില വ്യക്തികൾ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കൊടുക്കുന്നതാണ് ഇവ കൂട്ടമായി തംബടിക്കാൻ കാരണം. പൊതു സ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം വിളമ്പുന്നവരെ മുൻപ് നാട്ടുകാർ താക്കീത് നല്കിയെങ്കിലും രാത്രിയുടെ മറവിൽ ഇവർ സജീവമാണ്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാനും തെരുവുനായ്ക്കളെ പിടിച്ചു കൊണ്ടുപോകുന്നതിന് പഞ്ചായത്തുകൾ കർശന നടപടി സ്വീകരിക്കണമെന്ന് നെല്ലിമല പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുബിൻ നീറുംപ്ലാക്കൽ, രാജു അംമ്പുരാൻ, പൊന്നച്ചൻ നെല്ലാനിക്കൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കോയിപ്രം – ഇരവിപേരൂർ
പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നെല്ലിമല കൊച്ചാലുമൂട്ടിൽ റോഡിൽ തമ്പടിച്ചു നിൽക്കുന്ന തെരുവുനായ്ക്കൾ.
What do you feel about this post?
Like
Love
Happy
Haha
Sad

