യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ഗ്രൂപ്പ് യോഗങ്ങൾ റാന്നിയിൽ നിന്ന് തുടങ്ങി:

Pathanamthitta
Print Friendly, PDF & Email

റാന്നി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ ജില്ലയിൽ ഗ്രൂപ്പുകൾ സജീവം. ഇവിടെ നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥി എന്നുള്ളത് തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമാക്കി.

ജില്ലയിലെ സമവാക്യങ്ങൾ മാറി മറിഞ്ഞെന്നും ഗ്രൂപ്പുകൾ ദുർബലമായെന്നും നേതൃത്വം അവകാശപ്പെടുമ്പോഴാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരത്തിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പിന്റെയും യോഗം കൂടാൻ സംസ്ഥാന തലത്തിൽ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ എ ഗ്രൂപ്പിന്റെ ആദ്യ നിയോജക മണ്ഡലതല യോഗം റാന്നി വൈ.എം.സി.എ ഹാളിൽ കൂടി. എ ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് വേണ്ട നിർദേശങ്ങൾ നൽകി. മണ്ഡലം, ബ്ലോക്ക് ജില്ലാ തലത്തിൽ റാന്നിയിൽ നിന്നും മത്സരിക്കേണ്ടവരുടെ പട്ടിക തയാറാക്കി.

കോൺഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിങ്കു ചെറിയാൻ, സാംജി ഇടമുറി, സിനാജ് ചാമക്കാല, പ്രമോദ്, ബെന്നി, അരവിന്ദ് വെട്ടിക്കൽ, മാർട്ടിൻ ജോസഫ്, ഷിന്റു തേനാലിൽ, റിജോ തോപ്പിൽ, പ്രവീൺ രാജ് രാമൻ, ബോബൻ താഴമൺ, ഉദയൻ റാന്നി, നിഷാദ് കോട്ടാങ്ങൾ, രാജേഷ് വടശേരിക്കര, ആൽഫിൽ, ജിബിൻ അരയാഞ്ഞിലിമൺ എന്നിവർ നേതൃത്വം നൽകി.

റാന്നിയിൽ നിന്നുമുള്ള ആരോൺ ബിജിലിയാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി. ഐ വിഭാഗത്തിന്റെ സ്ഥാനാർത്ഥി നഹാസ് പത്തനംതിട്ടയാണ്. ത്രികോണ മത്സരം നടന്നാൽ റാന്നിയിൽ നിന്നും മഹാഭൂരിപക്ഷം വോട്ടുകൾ എ ഗ്രൂപ്പിന് അനുകൂലമാക്കുവാൻ തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലേക്കും പ്രസിഡന്റ് സ്ഥാനാർത്ഥികളെയും നിശ്ചയിച്ചു.

പുതുതായി നിയമിതനായ കോൺഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തത് മറ്റ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം പല തലങ്ങളിലുള്ള സഹായങ്ങൾ നേടിയാണ് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പായി നിയുക്ത ബ്ലോക്ക് പ്രസിഡന്റ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തതിന് എതിരെ കെപിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മറ്റ് വിഭാഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *