കോഴഞ്ചേരി – കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരികെ പിടിച്ചു. കാലുമാറി ഇടത് പക്ഷത്ത് ചേർന്ന് മുൻപ് യു.ഡി.എഫ് ഭരണം അട്ടിമറിച്ച കോൺഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കുക കൂടി ചെയ്തത് ഇരട്ടി മധുരം സമ്മാനിച്ചു. സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പം വന്ന എടക്കാട് ഡിവിഷൻ അംഗം ജെസി സൂസൻ ജോസഫാണ് പ്രസിഡന്റ്. കേരളാ കോൺഗ്രസ് പ്രതിനിധി എൽസാ തോമസ് വൈസ് പ്രസിഡന്റായി. കാലുമാറ്റത്തിലൂടെ എൽ.ഡി.എഫ് കൈക്കലാക്കിയ ഭരണം അതെ നാണയത്തിൽ തിരിച്ചു പിടിക്കുകയായിരുന്നു യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫ് ഭരണ സമിതി പുറത്തായ സാഹചര്യത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഭരണം പിടിക്കാൻ കോൺഗ്ര് അംഗത്തെയാണ് എൽ.ഡി.എഫ് കാലുമാറ്റിയതെങ്കിൽ, സി.പി.എം സ്വതന്ത്രയെ മറുകണ്ടം ചാടിച്ചാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. രാവിലെ നടന്ന പ്രസിഡന്റണ്ട് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് കെ.കെ.വത്സലയും ഉച്ച്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൻ.എസ്.രാജീവും എൽ.ഡി.എഫ് സ്ഥാനാർഥികളായി. ഇവർക്ക് അഞ്ച് വോട്ടുകൾ വീതം ലഭിച്ചു. വിജയിച്ചവർക്ക് ഏഴ് വോട്ട് വീതവും ലഭിച്ചു. ഒരാൾക്ക് അയോഗ്യതവന്നതോടെ 13 അംഗ ഭരണ സമതിയുടെ അംഗബലം 12 ആയി ചുരുങ്ങി. വനിതകളുടെ അവകാശങ്ങൾ പുച്ഛിച്ചു തള്ളി പുരൂഷാധിപത്യം ഉറപ്പിക്കാൻ നടത്തിയ വൃത്തികെട്ട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കോയിപ്രത്തെ പരാജയം എന്ന് കെ.പി.സി.സി ജനറൽസെക്രട്ടറി പഴകുളംമധു പറഞ്ഞു. തോട്ടപ്പുഴശ്ശേരി നൽകിയ പാഠത്തിൽ നിന്നും അവർ ഒന്നും പഠിച്ചിട്ടില്ല. കോൺഗ്രസിന്റെ സ്വീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അഡ്വ. കെ.ജയവർമ്മ, ലാലു ജോൺ, സി.കെ.ശശി, ടി.കെ. രാമചന്ദ്രൻനായർ, കെ. ശിവപ്രസാദ്, ബിജു ഒടികണ്ടത്തിൽ, അനിൽകുമാർ, പി.ജി, ശ്രീകല ഹരികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. അജിത, എൽസി ക്രിസ്റ്റഫർ, ജിജി ജോൺ മാത്യു, സി.എസ്. അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.


