സംസ്ഥാന സർക്കാർ പൊന്തൻപുഴ നിവാസികൾക്കൊപ്പം: മന്ത്രി കെ. രാജൻ

Pathanamthitta
Print Friendly, PDF & Email

** പൊന്തൻപുഴ നിവാസികൾക്ക് പട്ടയം നൽകണമെന്ന് നിലപാട്
**റവന്യുമന്ത്രിയുടെ മുൻഗണനാ പദ്ധതിയിൽ പെരുമ്പട്ടി പട്ടയപ്രശ്‌നം ഉൾപ്പെടുത്തി

നിയമപരമായ നടപടി സ്വീകരിച്ച് പൊന്തൻപുഴ നിവാസികൾക്ക് പട്ടയം നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാതല പട്ടയമേള റാന്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അവരുടേതല്ലാത്തതും റവന്യു വകുപ്പിന്റേതല്ലാത്തതുമായ പ്രശ്നം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പൊന്തൻപുഴയിലുള്ളവർ. ഈ മേഖലയിലെ ജനങ്ങളുടെ പ്രശ്നം സർക്കാർ ഉയർത്തിപ്പിടിക്കും. റവന്യുമന്ത്രിയുടെ മുൻഗണനാ പദ്ധതിയിൽ പെരുമ്പട്ടി പട്ടയപ്രശ്‌നം ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ തടസങ്ങൾ ഒരുപാടുണ്ടായിരുന്നു. വനവുമായി ബന്ധപ്പെട്ട ഭൂമി അളക്കാനും വിതരണം ചെയ്യാനും കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനായി പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയിരുന്നു. ബാംഗ്ലൂരിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഇവർ ഉന്നയിച്ച അഞ്ചു കാര്യങ്ങളിൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഇവിടെ പട്ടയം നൽകുന്നതിനു പകരം നൽകാനുള്ള ഭൂമി കാണിച്ചു നൽകിയിട്ടുണ്ട്. കേന്ദ്ര സമിതിയുടെ അന്തിമ അനുമതി കൂടി ലഭിച്ചാൽ ഉടൻ തന്നെ പട്ടയം വിതരണം ചെയ്യും.

ഭൂമി സംബന്ധമായി നിലനിൽക്കുന്ന നിയമങ്ങളും, വിധികളും, സർക്കാർ ഉത്തരവുകളും നിലവിലുണ്ട്. പട്ടയം നൽകുമ്പോൾ ഇത്തരം നിയമങ്ങളും ചട്ടങ്ങളും ഓർഡറുകളും അനുസരിച്ച് മാത്രമേ കഴിയൂ. എന്നാൽ, ഭൂരഹിതർക്ക് പട്ടയം നൽകാൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും മാറ്റം വരുത്താൻ സംസ്ഥാനസർക്കാരിന് മടിയില്ല. മാത്രമല്ല അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവർ എത്ര വലിയവർ ആണെങ്കിലും അവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് അത് സാധാരണക്കാരന് വിതരണം ചെയ്യും.

സംസ്ഥാനത്തെ എല്ലാവർക്കും ഭൂമി നൽകുകയെന്ന ചരിത്രദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 1,22,000 കുടുംബങ്ങൾക്ക് പട്ടയം നൽകി. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പട്ടയമിഷൻ എന്ന പുതിയ ആശയം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 140 നിയോജകമണ്ഡലങ്ങളിലും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ഥലം എംഎൽഎയുടെ അധ്യക്ഷതയിൽ റവന്യൂ ജനസഭകൾ രൂപീകരിച്ചു. പട്ടയം ലഭിക്കാനുള്ള അർഹരായ ആളുകളെ റവന്യു ജനസഭ കണ്ടെത്തുകയും പട്ടയ ഡാഷ് ബോർഡിലേക്ക് നൽകുകയും ചെയ്യും. പട്ടയ വിതരണത്തിനുള്ള തടസങ്ങളും തർക്കങ്ങളും പഠിക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും. തഹസിൽദാരേക്കാൾ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥൻ നോഡൽ ഓഫീസറായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഡാഷ് ബോർഡിലേക്ക് പകർത്തിയ വിവരങ്ങൾ പരിശോധിക്കാനും അന്വേഷണം നടത്താനുമായി അഞ്ച് സമിതികളാണ് പ്രവർത്തിക്കുന്നത്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുഖമുദ്രാവാക്യത്തോടെയാണ് റവന്യുവകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റവന്യു വകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ റവന്യുമന്ത്രിയാണ് കെ. രാജൻ എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. സ്വന്തമായി ഭൂമിയില്ലെന്ന മഹാസങ്കടത്തിലൂടെ നടന്നവർക്ക് പുതുവെളിച്ചം സമ്മാനിക്കുന്ന ജീവിതരേഖയാണ് പട്ടയം. ചരിത്രമുഹൂർത്തം എന്ന കേവലപ്രയോഗത്തിനപ്പുറം ജീവിതത്തെ അടയാളപ്പെടുത്തുന്ന അവരുടെ മുന്നോട്ടുള്ള സഞ്ചാരപാതയിൽ മുദ്രസമ്മാനിക്കുന്ന നിമിഷമാണ് ഇത്. ഭൂമിയുടെ അവകാശം ഇല്ലാതിരുന്നവരുടെ സങ്കടത്തിന് പരിഹാരം കാണുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി റവന്യുവകുപ്പിലെ ഓരോ ഉദ്യോഗസ്ഥരേയും അതിന്റെ ആവശ്യം മനസിലാക്കി കൊടുത്താണ് മന്ത്രി പ്രവർത്തിച്ചത്. ഡിജിറ്റൽ സർവേ, സ്മാർട്ട് വില്ലേജ് ഓഫീസ് എന്നിവയെല്ലാം അതിന്റെ തെളിവാണ്. കാലങ്ങളായി നീതിക്കായി കാത്തിരുന്ന മനുഷ്യർക്ക് അത് ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു. ജില്ലയിൽ വിതരണം ചെയ്യുന്ന 166 പട്ടയങ്ങളിൽ 99 എണ്ണവും റാന്നിയിലാണ്. പെരുമ്പട്ടി പട്ടയപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനായി വനംവകുപ്പും റവന്യുവകുപ്പും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അതിനുള്ള എല്ലാ നടപടികളും റവന്യുമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

ന്റോ ആന്റണി എംപി വിശിഷ്ടാതിഥിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗം പി.സി. ചാക്കോ, എഡിഎം ബി. രാധാകൃഷ്ണൻ, അടൂർ ആർഡിഒ തുളസീധരൻപിള്ള, തിരുവല്ല സബ്കളക്ടർ സഫ്‌ന നസറുദ്ദീൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, പി.ആർ. പ്രസാദ്(സിപിഎം), പി.ആർ ഗോപിനാഥ്(സിപിഐ), ആലിച്ചൻ ആറൊന്നിൽ(കേരളകോൺഗ്രസ്(എം), ജോജോ കോവൂർ(സിപിഐ), രാജുനെടുവംപുറം(ജനാധിപത്യകേരള കോൺഗ്രസ്), നിസാർ നൂർമഹൽ(ഇന്ത്യൻ നാഷണൽ ലീഗ്), ഏബ്രഹാം കുളമല, ബിനു തെള്ളിയിൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, റെജി കൈതവന, ഡെപ്യൂട്ടി കളക്ടർമാരായ ബി. ജ്യോതി, ടി.ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *