ഇലവുംതിട്ടയിലെ ” സജീവന്റെ കൃഷി ” മാതൃകയാണ് ; മണ്ണിലും പൊന്ന് വിളയിക്കുന്ന മാതൃക

Pathanamthitta Special
Print Friendly, PDF & Email

ഇലവുംതിട്ട – പ്രവാസം കഴിഞ്ഞു നാട്ടിലെത്തി കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമോ? പല പ്രവാസികളുടെയും സംശയത്തിന് ഉത്തരമാണ് സജീവന്റെ കൃഷിയിടം. പാരമ്പര്യമായി കർഷകരായിരുന്ന ഇലവുംതിട്ട നെടിയകാല താന്നിനിൽക്കുന്നതിൽ കുടുംബാംഗമായ ഗീതാഞ്‌ജലി വീട്ടിൽ റ്റി.ഡി സജീവൻ പ്രവാസ ലോകത്ത് നിന്ന് മടങ്ങിയത് കൃഷിയെന്ന ആഗ്രഹത്താൽ ആയിരുന്നു. പ്രവാസത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു നേടിയെടുത്ത ആത്മധൈര്യം മാത്രം ആയിരുന്നു മണ്ണിലേക്കിറങ്ങുമ്പോൾ കൈമുതൽ.

പാരമ്പര്യമായി കിട്ടിയ അരയേക്കർ കുടുംബ ഭൂമിയിൽ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സജീവൻ എന്ന മുൻ പ്രവാസി. റബ്ബർ തോട്ടമായിരുന്ന ആ ഭൂമിയിലെ മണ്ണിൽ കാർഷിക വിളകളുടെ ജൈവ വൈവിദ്ധ്യ ഭൂമിയാക്കി മാറ്റി സജീവൻ. സജീവൻ കൃഷിഭൂമി പരിപാലിക്കുന്നത് കാണാൻ തന്നെ ഒരഴകാണ്.. കർഷകൻ മണ്ണിനെ എങ്ങനെ പരിപാലിക്കണം എന്നതിന്റെ മാതൃകയാണ് ഈ കൃഷിയിടം.

IMG_1756

പ്രതികൂല കാലവസ്ഥാ പ്രശ്നങ്ങളും വിപണിയിലെ വിലക്കുറവ് ഉൾപ്പടെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെയൊക്കെ സജീവൻ അതിജീവിച്ചത് പ്രവാസഭൂമിയിൽ നിന്ന് ലഭിച്ച ആത്മധൈര്യം കൊണ്ടാണ്. കഴിഞ്ഞ ഓണക്കാലത്ത് കൃഷിചെയ്ത ജമന്തിപ്പൂക്കൾ വിൽക്കുവാൻ കഴിയാതെ കൃഷിയിടത്തിൽ നിന്ന് കരിഞ്ഞുണങ്ങി പോയപ്പോഴും സജീവൻ എന്ന കർഷകൻ തളർന്നില്ല. ഈ ഓണക്കാലത്തും ബന്ദിപ്പൂക്കൾ നാടുവാനുള്ള കൃഷിയിടം ഒരുക്കുന്ന തിരക്കിലാണ് സജീവൻ.

“ സജീവന്റെ കൃഷി “ എന്നത് ഇലവുംതിട്ടയിൽ ഒരു ബ്രാൻഡ് ആയി മാറിയിട്ടുണ്ട്. ചാണകം, ചപ്പ്, ചാരം ഒക്കെയുള്ള പരമ്പരാഗത ജൈവ കൃഷി രീതിയാണ് സജീവൻ തുടരുന്നത്. സജീവന്റെ കൃഷി ഉൽപ്പന്നങ്ങൾക്ക് അതിനാൽ മാർക്കറ്റിൽ നല്ല ഡിമാന്റും ഉണ്ട്.

കാട്ടുപന്നി ശല്യത്തിൽ നിന്ന് കൃഷിയിടത്തെ രക്ഷിക്കാൻ വേലിക്കെട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. മണ്ണിൽ കൃഷി ചെയ്തു വിളവെടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവും ഒന്നുവേറെയാണ്. സജീവൻ പറയുന്നു. സർക്കാർ ഭാഗത്ത് നിന്നുള്ള പ്രോത്സാഹനവും സബ്‌സിടിയുമൊക്കെ കൂടി ഉണ്ടങ്കിൽ നമ്മുടെ മണ്ണിൽ പൊന്ന് വിളയിക്കാൻ നമ്മുടെ കർഷകർക്കാകും. പൂക്കൾ അടക്കം കൃഷി ചെയ്യുന്നത് ഉൾപ്പടെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുവാനുള്ള മാർഗ്ഗങ്ങളും സഹായവും കൂടി സർക്കാർ ഭാഗത്ത് നിന്നുണ്ടാകണം.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *