സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ ; 3 കുട്ടികൾക്ക് രോ​ഗബാധ, പരിശോധന കർശനമാക്കും

Health Kozhikkodu
Print Friendly, PDF & Email

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല . 126 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകളും പ്രതിരോധ നടപടികളും കർശനമാക്കാൻ സർക്കാർ നിർദേശം നൽകി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹോട്ടലുകളിലും തട്ടുകടകളിലും യാതൊരു കാരണവശാലും സാധാരണ വെള്ളം വിതരണം ചെയ്യരുത്. പൂർണ്ണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും മറ്റും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകൾ ശക്തമാക്കും. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളിൽ വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സ്കൂളുകളിലെ കുടിവെള്ള സ്രോതസ്സുകൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തിവരികയാണ്. നിലവിൽ സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിന് കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഇവിടുത്തെ സാധാരണ കിണറ്റിലെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുന്നതിലൂടെ മാത്രമേ ഷിഗെല്ലയെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഹാരത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

*എല്ലാവരും ശ്രദ്ധിക്കുക

*ഷിഗെല്ലോസിസ് ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​ഗെല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.

പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്.

*ശുദ്ധമായ ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകുകൾ പെരുകാൻ ഇടയാക്കുന്ന വിധത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് പൂർണമായും ഒഴിവാക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *