മംഗളൂരു : മംഗലാപുരത്ത് നേഴ്സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം. 18 -കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി രശ്മിതയാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ കോളേജിൽ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാർത്ഥിനിയായിരുന്നു. പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെൺകുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാർ, മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.


