Pathanamthitta Politics

പത്തനംതിട്ട: ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പത്തില്‍ ഏഴും ക്രൈസ്തവര്‍. രണ്ടു നായരും ഈഴവനും പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ മുസ്ലിം, പട്ടികജാതി പ്രാതിനിധ്യം പാടേ ഒഴിവാക്കി. പി.ജെ. കുര്യന്റെ പി.എയ്ക്കും കിട്ടി പ്രസിഡന്റ് സ്ഥാനം.

ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും സംരക്ഷകരെന്ന് ഊറ്റം കൊള്ളുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അവരെ പാടേ തഴഞ്ഞതിലാണ് പ്രതിഷേധം. പി.ജെ. കുര്യനാണ് ഇത്തരമൊരു പട്ടികയ്ക്ക് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നു. പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല-ഈപ്പന്‍ കുര്യന്‍, മല്ലപ്പള്ളി- എബി മേക്കരിങ്ങാട്ട്, എഴുമറ്റൂര്‍-ഡോ. പി.കെ. മോഹന്‍രാജ്, റാന്നി അഡ്വ. തോമസ് ടി. മാത്യൂസ്, കോന്നി-ദീനാമ്മ റോയ്, തണ്ണിത്തോട്-ആര്‍. ദേവകുമാര്‍, ആറന്മുള-എ. ശിവപ്രസാദ്, പത്തനംതിട്ട-ജെറി സാം മാത്യു, അടൂര്‍-എസ്. ബിനു, പന്തളം-സഖറിയ വര്‍ഗീസ് എന്നിവരാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍.

ഇതില്‍ ഡോ. പി.കെ. മോഹന്‍രാജിന്റെ നിയമനത്തെ ചൊല്ലിയാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. ഇദ്ദേഹം ആരാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചോദ്യമുയര്‍ന്നു. പാര്‍ട്ടിയുടെ പരിപാടികളില്‍ ഒന്നും കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തെ ആരുടെ താല്‍പര്യപ്രകാരമാണ് കെട്ടിയിറക്കിയിരിക്കുന്നതെന്നും നേതാക്കള്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നു. ഡിസിസി പ്രസിഡന്റ് മുന്‍കൈയെടുത്ത് നിയമിച്ചതാണ് പി.കെ. മോഹന്‍രാജിനെ എന്നാണ് ആക്ഷേപം. മുസ്ലീം, പട്ടികജാതി വിഭാഗങ്ങളെ പാടേ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാണ്. മുസ്ലീം ഭൂരിപക്ഷമുള്ള മേഖലകളില്‍ പോലും അവരെ പരിഗണിച്ചിട്ടില്ല.

അതേ സമയം, സമുദായം തിരിച്ച് മുന്‍പും പ്രസിഡന്റുമാരെ നിശ്ചയിച്ചിട്ടില്ലെന്ന് നേതാക്കളില്‍ ഒരു വിഭാഗം പറയുന്നു. പ്രവര്‍ത്തന മികവ് നോക്കിയാണ് പ്രസിഡന്റുമാരെ തീരുമാനിക്കുന്നതെന്നും പറയുന്നു. പതിവു പോലെ പി.ജെ. കുര്യന് നേരെയാണ് ആരോപണ ശരങ്ങള്‍ പ്രധാനമായും ഉയരുന്നത്. കുര്യനൊപ്പം നിഴല്‍ പോലെ നടക്കുന്ന ഈപ്പന്‍ കുര്യനെ തിരുവല്ല ബ്ലോക്ക് പ്രസിഡന്റാക്കിയതോടെ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂടി. കുര്യന്റെ പെട്ടിയെടുപ്പുകാര്‍ക്ക് മാത്രമായി സ്ഥാനമാനങ്ങള്‍ വീതം വച്ചു കൊടുക്കുകയാണെന്ന് ആക്ഷേപമാണ് ഉയരുന്നത്. കെപിസിസി സെക്രട്ടറി പഴകുളം മധുവും ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *