തിരുവനന്തപുരം : ചിറയിൻകീഴ് കൂന്തള്ളൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചിറയിൻകീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂന്തള്ളൂർ പനച്ചിവിളാകത്തുവീട്ടിൽ രാജീവിന്റെയും ശ്രീവിദ്യയുടെയും മകൾ രാഖിശ്രീ (15)യെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് സ്വദേശിയായ ഒരു യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
ചിറയിൻകീഴ് ശ്രീ ശാരദവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന രാഖിശ്രീ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് വിജയിച്ചത്. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്‌കൂളിൽ നടന്ന അനുമോദനച്ചടങ്ങിൽ അമ്മയോടൊപ്പം പങ്കെടുത്താണ് മടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തിൽ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. രാഖിശ്രീയുടെ അച്ഛൻ രാജീവ് തിരുവനന്തപുരം ഏഷ്യാനെറ്റ് ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണ്.


