കോന്നി : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി, പിതൃ തർപ്പണം, 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം , പർണ്ണശാല പൂജ, വാവൂട്ട് എന്നിവ 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ നടക്കും.
കർക്കടകവാവ് ബലിതർപ്പണത്തിൻറെ ഒരുക്കങ്ങൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലും സ്നാന ഘട്ടമായ അച്ചൻകോവിൽ നദിക്കരയിലും പൂർത്തിയായി.പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണയിൽ വാവ് ബലി പൂജകൾക്ക് തുടക്കം കുറിക്കും.
രാവിലെ നാല് മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി 999 മല ദൈവങ്ങൾക്ക് മലയ്ക്ക് കരിക്ക് പടേനി സമർപ്പണം .4.30 മുതൽ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതൽ കർക്കടക വാവ് ബലി കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കളരി ആശാൻമാർക്കും ഗുരുക്കൻമാർക്കും പിതൃക്കൾക്കും , 999 മല വില്ലന്മാർക്കും ,പാണ്ടി ഊരാളിയ്ക്കും ,999 മലക്കൊടിയ്ക്കും മല വില്ലിനും വിശേഷാൽ പൂജകൾ നടക്കും .തുടർന്ന് കർക്കടക വാവ് ബലി തർപ്പണ കർമ്മവും പിതൃ തർപ്പണവും തുടർന്ന് സൂര്യ കിരണങ്ങളെ സാക്ഷി നിർത്തി അച്ചൻകോവിൽ നദിയിൽ സ്നാനവും നടക്കും.

രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകൾ ,വാനരഊട്ട് ,മീനൂട്ട് ,9 ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം,തുടർന്ന് നിത്യ അന്നദാനം .രാവിലെ പത്തു മണിമുതൽ ദ്രാവിഡ ജനതയുടെ ആത്മ സമർപ്പണമായി 1001 കരിക്കിൻറെ മലയ്ക്ക് പടേനി,1001 മുറുക്കാൻ സമർപ്പണം, പൊങ്കാല,ആനയൂട്ട്, നാഗയൂട്ട്,നാഗപ്പാട്ട്,ആദ്യ ഉരു മണിയൻ പൂജ,പിതൃ പൂജ,ആശാൻ പൂജ,പർണ്ണശാല പൂജ,ദീപാരാധന, ദീപകാഴ്ച്ച,ചെണ്ടമേളം എന്നിവ നടക്കും .
രാത്രി 9 മണി മുതൽ സർവ്വ ചരാചരങ്ങളെയും ഉണർത്തിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും പിതൃക്കളുടെ അനുഗ്രഹത്തിന് വേണ്ടിയും നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന വാവൂട്ട് കർമ്മവും നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര കേരള സർക്കാരുകളുടെ കീഴിൽ ഉള്ള ദുരന്ത നിവാരണ വകുപ്പിൻറെ നേതൃത്വത്തിൽആരോഗ്യം ,റവന്യൂ ,വനം ,പോലീസ് ,എക്സൈസ് ,ഫയർ ഫോഴ്സ് തുടങ്ങി വിഭാഗങ്ങളുടെ സേവനം കാവിലും സ്നാന ഘട്ടമായ അച്ചൻകോവിൽ നദിക്കരയിലും ഏകോപിപ്പിക്കും എന്ന് കാവ് ഭരണ സമിതി അറിയിച്ചു


