സാജി സോമന്റെ ഒരൊന്നൊന്നര തിരിച്ചുവരവ് !!

Cinema Pathanamthitta Special
Print Friendly, PDF & Email

എം.ജി സോമൻ. ആമുഖം വേണ്ടാത്ത മലയാള സിനിമയിലെ നടൻ. മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരു പാട് കഥാപാത്രങ്ങൾ ചെയ്ത തിരുവല്ലാക്കാരൻ. സോമൻ ഓർമയായിട്ട് 25 വർഷം പൂർത്തിയായി. ഈ വേളയിൽ സിനിമയിൽ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് സോമന്റെ മകൻ സാജി സോമൻ.

രഞ്ജൻ പ്രമോദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഓ ബേബി എന്ന ചിത്രത്തിൽ ദിലീഷ് പോത്തനൊപ്പം നായക തുല്യമായ വേഷം ചെയ്താണ് സാജി സോമന്റെ രണ്ടാം വരവ്. സാജിക്കൊപ്പം സിനിമാ ജീവിതം തുടങ്ങിയ താരപുത്രന്മാർ ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. 15 വർഷം മുൻപ് എ.കെ. സാജനും എ.കെ. സന്തോഷും ചേർന്നൊരുക്കിയ സസ്‌റ്റോപ്പ് വയലൻസ്’ എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നായക വേഷം ചെയ്തായിരുന്നു സാജി സോമന്റെ തുടക്കം. എൺപതുകളിലെ രണ്ട് സൂപ്പർ സ്റ്റാറുകളുടെ മക്കൾ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

സിനിമ വൻ വിജയമായിരുന്നു. ഇത് പൃഥ്വിരാജിന്റെ രണ്ടാമത്തെ സിനിമയായിരുന്നു. പക്ഷേ, ആദ്യം തീയറ്ററുകളിലെത്തിയത് സ്‌റ്റോപ്പ് വയലൻസായിരുന്നു. അതിന് ശേഷം പൃഥ്വിരാജിന് കൈ നിറയെ ചിത്രങ്ങൾ കിട്ടി. സാജി പിന്നീട് അഞ്ചു ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. ദിലീപിന്റെ ജോഷിച്ചിത്രം ലയണി്‌ന് ശേഷം സാജി അഭിനയം മതിയാക്കി ഗൾഫിലേക്ക് പോയി. കോവിഡ് സമ്മാനിച്ച ഇടവേളയ്ക്ക് സാജി തിരികെ നാട്ടിൽ വന്നപ്പോഴാണ് കാത്തിരുന്നതു പോലെ രഞ്ജൻ പ്രമോദിന്റെ വിളിയെത്തിയത്. ഒപ്പം ദിലീഷ് പോത്തനുമുണ്ടെന്ന് അറിഞ്ഞതോടെ സാജി പിന്നൊന്നും നോക്കിയില്ല. ഓ ബേബിയുടെ റിലീസിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാജി. ഇനി സിനിമയിൽ നിലയുറപ്പിക്കാൻ തന്നെയാണ് ഈ താരപുത്രന്റെ തീരുമാനം.

സിനിമയിലെത്തിയത് അച്ഛന്റെ മരണശേഷം

സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു നാടകത്തിൽ പോലും അഭിനയിക്കാത്തയാളാണ് ഞാൻ. വെറുതേ പോലും സ്‌റ്റേജിൽ കയറിയിട്ടില്ല. കലയുമായുള്ള ഏക ബന്ധം ഡാഡിയായിരുന്നു.സിനിമാ സെറ്റുകളിൽ ധാരാളം പോയിട്ടുണ്ട്. ഡാഡിയുടെ അഭിനയം കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ അക്കാലത്തെ സൂപ്പർ സ്റ്റാറുകൾ വീട്ടിൽ നിത്യസന്ദർശകരുമായിരുന്നു. അച്ഛന്റെ മരണശേഷം എ.കെ. സാജനും എ.കെ. സന്തോഷുമാണ് സ്‌റ്റോപ്പ് വയലൻസിന്റെ കഥയുമായി സമീപിക്കുന്നത്. എനിക്ക് മടിയായിരുന്നു. മലയാള സിനിമ എൺപതുകളിൽ അടക്കി ഭരിച്ച രണ്ടു നടന്മാരുടെ മക്കളെ നായകന്മാരാക്കി അങ്ങാടിയോ കോളിളക്കമോ പോലൊരു സിനിമയായിരുന്നു അവരുടെ മനസിൽ. എനിക്കാദ്യം മടിയായിരുന്നു. അമ്മയാണ് പ്രോത്സാഹനം തന്നത്. അങ്ങനെയാണ് സ്‌റ്റോപ്പ് വയലൻസിൽ എത്തുന്നത്. 2002 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ ശശിമോഹന്റെ തിലകം, 2004 ൽ സി. ദേവദാസിന്റെ പ്രിയം പ്രിയങ്കരം, 2005 ൽ എം. മോഹനന്റെ കാമ്പസ്, 2006 ൽ ജോഷിയുടെ ലയൺ, 2007 ൽ ഭരതൻ എഫട്ക് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. അവസാനം അഭിനയിച്ചത് ലയണിലാണ്. ഭരതൻ എഫക്ടിൽ എന്റെ മകൻ ശേഖർ സോമനും അഭിനയിച്ചു. ഡാഡിയുടെ പേരാണ് അവനിട്ടിരിക്കുന്നത്. സോമശേഖരൻ എന്നാണ് ഡാഡിയുടെ പേര്. അത് തിരിച്ച് ശേഖർ സോമൻ എന്നാക്കി.

വിദേശവാസത്തിൽ സിനിമ മറന്നു

ലയണിന് ശേഷം ഗൾഫിലേക്ക് പോയി. എണ്ണക്കമ്പനിയിലായിരുന്നു ജോലി. ഇടയ്ക്ക് നാട്ടിലൊക്കെ വന്നു പോയി. എങ്കിലും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. നീണ്ട ഗ്യാപ്പ് കാരണം പലരും മറന്നു. കോവിഡ് കാലത്ത് നാട്ടിൽ വന്നതിന് ശേഷം ഗൾഫിലേക്ക് മടങ്ങുന്നത് വൈകി. ആ സമയത്താണ് രഞ്ജൻ പ്രമോദിന്റെ ഓഫർ വരുന്നത്. ഓ ബേബി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ കഥയാണ്. കുമളി, അണക്കര ഭാഗങ്ങളിലായിരുന്നു ഷൂട്ടിങ്. നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് എന്റേത്. ദിലീഷ് പോത്തനാണ് നായകൻ. 15 വർഷത്തിന് ശേഷം മടങ്ങിയെത്തുമ്പോഴും സിനിമയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടുള്ളതായി തോന്നുന്നില്ല. സ്‌പോട്ട് ഡബിങ് ആണ് സിനിമയ്ക്ക്. ഏറെ പ്രതീക്ഷ ഈ സിനിമയിലുണ്ട്. രഞ്ജൻ പ്രമോദ് എന്ന എഴുത്തുകാരനെയും സംവിധായകനെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ആദ്യം സ്‌ക്രിപ്റ്റ് റൈറ്ററായും പിന്നീട് സംവിധായകനായും മികവ് തെളിയിച്ചയാളാണല്ലോ? അതു കൊണ്ട് തന്നെ മറ്റൊന്നും നോക്കിയില്ല. കാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയതോടെ കൂടുതൽ ഓഫറുകൾ എത്തുന്നു. ഇനി സിനിമയിൽ ചുവടുറപ്പിക്കാനാണ് തീരുമാനം.

കാരക്ടർ പോസ്റ്ററും കമൽഹാസനും

കഴിഞ്ഞ ദിവസമാണ് ഓ ബേബിയുടെ കാരക്ടർ പോസ്റ്റർ ഇറങ്ങിയത്. അത് ഞാൻ കമൽ അങ്കിളിന് (കമൽ ഹാസൻ) അയച്ചു കൊടുത്തു. തിരക്ക് പിടിച്ച മഹാനടനാണ് അദ്ദേഹം. നോക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. ബെസ്റ്റ് വിഷസ് മോനേ എന്ന് മറുപടി അയച്ചു. വോയിസ് മെസേജും പിന്നാലെ വന്നു. വലിയ സന്തോഷമായി എനിക്ക്. അങ്കിളിന്റെ വാക്കുകൾ ഒരു പ്രചോദനമാണ്. ഡാഡിയുടെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു കമൽ അങ്കിൾ. ആ ബന്ധം ഡാഡിയുടെ മരണശേഷവും തുടരുന്നു. ഒരു പാട് നാളിന് ശേഷം അടുത്തയിടെ കമൽ അങ്കിളിനെ നേരിൽ വിളിക്കേണ്ട ഒരു സംഭവം ഉണ്ടായി. ഡാഡിയുടെ 25-ാം ചരമവാർഷികം വലിയൊരു അനുസ്മരണ യോഗമാക്കി മാറ്റാൻ സംവിധായകൻ ബ്ലസി അടക്കമുള്ളവർ തീരുമാനിച്ചു. തിരുവല്ല വൈ.എം.സി.എയിൽ കൂടിയ യോഗത്തിൽ മുഖ്യാതിഥിയായി കമൽ ഹാസൻ വേണമെന്ന് അഭിപ്രായം ഉയർന്നു. ആരു ക്ഷണിക്കും
എന്നതായിരുന്നു പ്രശ്‌നം. ഒടുവിൽ സംഘാടകർ വീട്ടിൽ വന്നു. അവരുടെ നിർബന്ധം മുലം കമൽഹാസന്റെ ഓഫീസിലേക്ക് വിളിച്ചു. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ഞാൻ ഓഫീസിൽ പറഞ്ഞു. തിരുവല്ലയിൽ നിന്ന് എം.ജി സോമന്റെ മകൻ സാജി വിളിച്ചിരുന്നു എന്ന് അദ്ദേഹത്തെ ഒന്ന് അറിയിക്കണം പറഞ്ഞു.
രാത്രി 10 മണിയായിക്കാണും എന്റെ ഫോണിലേക്ക് സാക്ഷാൽ കമൽഹാസൻ വിളിക്കുന്നു. എന്താണ് മോനേ കാര്യമെന്ന് ചോദിച്ചു. ഞാൻ വിവരം പറഞ്ഞു. മോനേ ഞാൻ ഈ പറഞ്ഞ് ദിവസങ്ങൾ എല്ലാം തിരക്കിലാണല്ലോ?
അങ്കിളിന് പറ്റുന്ന ദിവസം പറ. പരിപാടി അന്നാക്കാം. അത് അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം പറഞ്ഞ തീയതിയിൽ പരിപാടി വച്ചു. കൃത്യമായി വന്നു ചേർന്നു.

ഒറ്റ നോട്ടത്തിൽ അച്ഛന്റെ പ്രതിബിംബം

എവിടേക്ക് തിരിഞ്ഞാലും സാജിയെ ആൾക്കാർ തിരിച്ചറിയും. നടപ്പിലും എടുപ്പിലുമെല്ലാം സാക്ഷാൽ എം.ജി സോമൻ. ആനക്കാട്ടിൽ ഈപ്പച്ചനും ഇതാ ഇവിടെ വരെയിലെ വിശ്വനാഥനുമൊക്കെ അവതരിപ്പിച്ച അതുല്യ നടന്റെ പ്രതിബിംബം തന്നെയാണ് ഈ മകൻ. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് താനിഷ്ടപ്പെടുന്നതെന്ന് സാജി സോമൻ പറയുന്നു. ഓ ബേബിയുടെ കാരക്ടർ പോസ്റ്ററിലും അത്തരമൊരു കലിപ്പ് ലുക്ക് തന്നെയാണ് സാജിക്ക്. ആദ്യ ചിത്രമാണ് സ്‌റ്റോപ്പ് വയലൻസിലും ഇത്തരമൊരു വേഷമായിരുന്നു സാജിക്ക് കിട്ടിയത്. പിന്നീട് വന്ന ചിത്രങ്ങളിൽ തിലകത്തിൽ നായക വേഷം ചെയ്തു. ലയണിലും രോഷാകുലനായ ചെറുപ്പക്കാരനായിരുന്നു.

കെ.എൽ. 7 ജി 7 നും അച്ഛനും

28 വർഷം പഴക്കമുള്ള ഒരു മാരുതി 800 കാർ വീടിന്റെ പോർച്ചിലുണ്ട്. കെ.എൽ. 7 ജി 7. പുതുപുത്തൻ പോലെ തൂത്തു തുടച്ച് സംരക്ഷിച്ചിരിക്കുന്നു. എം.ജി. സോമൻ അവസാനമായി ഉപയോഗിച്ചിരുന്ന കാറാണിത്. അതു കൊണ്ടു തന്നെ വിൽക്കാനോ പൊളിച്ചു കളയാനോ തോന്നാതെ സംരക്ഷിക്കുകയാണ് സാജി. മകൻ ശേഖർ സോമനാണ് ഈ കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. ഡാഡിയുടെ മരണശേഷമായിരുന്നു എന്റെ വിവാഹം. അതു കൊണ്ട് തന്നെ ഡാഡിയെ സ്‌ക്രീനിൽ കണ്ടുള്ള പരിചയം മാത്രമേ അവർക്കുള്ളൂ. 1997 ഡിസംബർ 12 നാണ് ഡാഡി മരിച്ചത്. കഴിഞ്ഞ ഡിസംബറിൽ 25 വർഷം തികഞ്ഞു. എം.ജി സോമൻ ഫൗണ്ടേഷനാണ് അന്ന് അനുസ്മരണം സംഘടിപ്പിച്ചത്. അതിലാണ് കമൽ ഹാസൻ പങ്കെടുത്തത്. ഡയറക്ടർ ബ്ലസിയാണ് ഫൗണ്ടേഷൻ ചെയർമാൻ. ഡാഡിയുടെ വേർപാടിന് 25 വർഷം തികയുമ്പോഴാണ് സിനിമയിൽ രണ്ടാം വരവിനൊരുങ്ങുന്നത്-സാജി സോമൻ പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *