ദർശനത്തിനായെത്തിയ അയ്യപ്പനെ പറ്റിച്ച ഡോളിത്തൊഴിലാളികൾ അറസ്റ്റിൽ : പണം വാങ്ങി മുറി തരപ്പെടുത്തിക്കൊടുത്ത താൽക്കാലിക ജീവനക്കാർ വിജിലൻസ് പിടിയിൽ

Crime Pathanamthitta
Print Friendly, PDF & Email

സന്നിധാനം – സ്വർണപ്പാളി അടക്കമുള്ള വൻ കൊള്ളയുടെ കഥകളും തുടർക്കഥകളും ചർച്ച ചെയ്യുന്നതിനിടെ ശബരിമലയിൽ ചിന്നക്കൊള്ളകളും നിരവധിയായി നടക്കുന്നു. ദർശനത്തിന് എത്തിയ അയ്യപ്പഭക്തരെ കബളിപ്പിച്ച പണം തട്ടിയ നാല് ഡോളി തൊഴിലാളികളെ സന്നിധാനം പോലിസ് അറസ്റ്റ് ചെയ്തു. അനധികൃതമായി മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലൻസ് പിടികൂടി മടക്കി അയക്കുകയും ചെയ്തു.

തെങ്കാശി വേലായുധപുരം ആർ.സി.കോവിൽ സ്ട്രീറ്റ് സ്വദേശികളായ കറുപ്പുസാമി (50), സൂര്യ (23), മരിയദാസ് (37), മഹേന്ദ്രൻ (24) എന്നിവരാണ് ഡോളിക്കൊള്ളയ്ക്ക് അറസ്റ്റിലായത്. 5000 രൂപ നൽകിയാൽ നീലിമലയിലുള്ള ഷെഡ് നമ്പർ 3 ൽ നിന്നും ഡോളിയിൽ സന്നിധാനത്ത് എത്തിക്കാം എന്നു പറഞ്ഞ് കയറ്റിക്കൊണ്ടു പോയി. ശരംകുത്തിയിൽ എത്തിയപ്പോൾ ഗൂഗിൾ പേ വഴി 8000 രൂപ കൈപ്പറ്റിയ ശേഷം സന്നിധാനം തൊട്ടടുത്താണെന്നും ഇനി നടന്നു പോയാൽ മതി എന്നും പറഞ്ഞ് ഇറക്കി വിടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സന്നിധാനം പോലീസ് സബ് ഇൻസ്‌പെക്ടർ വി.എസ്. വിഷ്ണു കേസ് രജിസ്റ്റർ ചെയ്തു. പമ്പ പോലീസ് ഇൻസ്‌പെക്ടർ സി.കെ.മനോജിന്റെ നേതൃത്വത്തിൽ സന്നിധാനം പോലീസ് സ്‌റ്റേഷനിലെ എസ്.സി.പി.ഒ മാരായ ജീവൻദാസ്, പുഷ്പദാസ്, വിനോദ് എന്നിവരും പമ്പ സ്‌റ്റേഷനിലെ എസ്.സി.പി.ഒ മാരായ സാംസൺ, അരുൺലാൽ എന്നിവരും ചേർന്ന് പമ്പയിൽ നിന്നും പ്രതികളെ പിടികൂടുകയുമായിരുന്നു.ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്ന് അമിതമായ കൂലി വാങ്ങുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. മൂന്നുദിവസം മുമ്പും അയ്യപ്പഭക്തരിൽ നിന്നും അമിതതുക ഈടാക്കിയതിന് പമ്പ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

അറസ്റ്റിലായ ഡോളി തൊഴിലാളികളുടെ പാസ് റദ്ദാക്കുന്നതിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി.

അനധികൃതമായി മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലൻസ് പിടികൂടി മടക്കി അയച്ചു.തീർത്ഥാടകർ താമസിക്കുന്ന മുറികളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ശുചീകരണ ജോലി ചെയ്യുന്നവരെയാണ് മടക്കിയത്. വിജിലൻസ് എസ്.പി. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ രാകേഷിന്റെ നേതൃത്വത്തിലാണ് ഡോണർ ഹൗസു കളിലും പിൽഗ്രിം സെന്ററുകളിലും പരിശോധന നടന്നത്. സന്നിധാനത്ത് തീർത്ഥാടക രിൽ നിന്ന് അമിത വില ഈടാക്കിയ ഹോട്ടലിന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നടപ്പന്തലിന് സമീപം വിരിയിൽ പായയ്ക്ക് കൂടുതൽ പണം വാങ്ങിയതിന് പിഴ ഈടാക്കി. മാളികപ്പുറം ക്ഷേത്രത്തിന് സമീപം വിരിവച്ചവരിൽ നിന്ന് പണം ചോദിച്ച് വാങ്ങിയ മൂന്ന് വിശുദ്ധി സേനാംഗങ്ങളെ മടക്കി അയച്ചു. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജിലൻസിന്റെ പരിശോധന നടന്നു വരികയാണ്. തീർത്ഥാടക രെ ചൂഷണം ചെയ്യുന്നവരെ പിടികൂടാൻ വലിയ തോതിലുള്ള പരിശോധനയാണ്
നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *