തിരുവല്ല – ഇത് നീതിയല്ല…, ഇത്തരം ശീലങ്ങൾ വച്ചുപൊറുപ്പിക്കില്ല – വീട്ടുനമ്പർ കിട്ടിയില്ലെന്ന കടപ്ര സ്വദേശി ജോർജ് ബെർണാഡിന്റെ പരാതി കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക് തല അദാലത്തിൽ പരിഗണിക്കവേയാണ് ആരോഗ്യമന്ത്രി വീണാജോർജ് ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയത്.
ഇഎംഎസ് ഭവനപദ്ധതി പ്രകാരം പണികഴിപ്പിച്ച വീടിന്റെ നമ്പരിനായി വർഷങ്ങളായി ജോർജ് ബെർണാഡ് കടപ്ര പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ്. 2016 ൽ വീട്ടുനമ്പർ ലഭിക്കുന്നതിനായി അപേക്ഷ നൽകിയതിന്റെ രസീതും അദാലത്തിൽ ജോർജ് ഹാജരാക്കി. നാളിത്രയായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഒരു വയോധികന് നീതി നിഷേധിച്ചുവെന്നും ഗുരുതരമായ ഈ വീഴ്ച കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദാലത്തിൽ ലഭിച്ച പരാതികൾ പോലും കടപ്ര പഞ്ചായത്ത് സെക്രട്ടറി ഗൗരവത്തിലെടുത്തില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനും ജോർജ് ബെർണാഡിന് കെട്ടിടനമ്പർ മാനദണ്ഡപ്രകാരം ലഭ്യമാക്കി നീതി ഉറപ്പാക്കാനും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറോട് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യമന്ത്രിയുടെ നടപടിയിൽ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ജോർജ് ബെർണാഡ് പ്രതികരിച്ചു.


