ശ്രീവല്ലഭ ക്ഷേത്രക്കുളത്തിനു സമീപത്തെ ശൗചാലയനിര്‍മ്മാണം, ആചാര്യസഭയുടെ തീരുമാനം അംഗീകരിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍

Pathanamthitta
Print Friendly, PDF & Email

Thiruvalla – ശ്രീവല്ലഭ ക്ഷേത്രക്കുളത്തിനു സമീപത്തെ ശൗചാലയനിര്‍മ്മാണം സംബന്ധിച്ച് ആചാര്യസഭയുടെ തീരുമാനം അംഗീകരിക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെടുന്നു. ഇതേ കുറിച്ച് സംശയങ്ങളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ പണി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിഷയം പഠിച്ച് ക്ഷേത്രസംരക്ഷണ സമിതിയുടെ ആചാര്യസഭയുമായി വിശദമായി ചര്‍ച്ച നടത്തി. ശ്രീവല്ലഭ ക്ഷേത്രത്തിലെ തന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷം ശൗചാലയത്തിന് തന്ത്രിയും സ്ഥപതിയും കണ്ടെത്തിയിരിക്കുന്ന സ്ഥാനം ഏറ്റവും ഉചിതമാണെന്ന് ആചാര്യസഭ വിലയിരുത്തി.

ആചാര്യസഭയുടെയുടെ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ക്ഷേത്രത്തിലെ ജലവന്തി ശുദ്ധമായി സൂക്ഷിക്കണമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇടമൊരുക്കണമെന്ന തീരുമാനത്തിലേക്ക് തന്ത്രിമാര്‍ എത്തിയത്. ക്ഷേത്ര പരിധിക്കുള്ളില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ വിധിയില്ല. ശ്രീകോവിലിന്റെ വിസ്തീര്‍ണം കണക്കാക്കിയാണ് ക്ഷേത്രപരിധി നിശ്ചയിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ശ്രീവല്ലഭ ക്ഷേത്രത്തിന്റെ പരിധി എന്നത് ചുറ്റുമതിലും കഴിഞ്ഞ് കുളത്തിന്റെ മതില്‍വരെയാണ്. ശ്രീവല്ലഭസ്വാമിയുടെ തീര്‍ത്ഥക്കുളത്തിന് അശുദ്ധി ബാധിക്കുന്ന തരത്തിലല്ല ശൗചാലയത്തിന്റെ നിര്‍മ്മാണം.

ഇപ്പോള്‍ ശൗചാലയത്തിനായി കണ്ടെത്തിയത് പുതിയ സ്ഥലമല്ല. ഇവിടെ മുന്‍പ് തന്ത്രി മഠം സ്ഥിതി ചെയ്തിരുന്നതായി പറയുന്നു. ശൗചാലയ നിര്‍മ്മാണത്തിന് മുന്നോടിയായി നിലമൊരുക്കലും കുളത്തിന്റെ വശങ്ങള്‍ ബലപ്പെടുത്തലും അടക്കമുള്ള പ്രവൃത്തികള്‍ ചെയ്തപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങളും ലഭ്യമായിട്ടുണ്ട്. ക്ഷേത്രത്തിലെ ശാന്തിക്കാര്‍ മുന്‍പ് പൂജാ വേളയിൽ പുറത്ത് ഇറങ്ങി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ഇവിടെയായിരുന്നു. പൂജയ്ക്കിടെ ശാന്തിക്കാര്‍ക്ക് പുറത്തിറങ്ങി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മതിലില്‍ കാണപ്പെടുന്ന ചെറിയവാതില്‍. മൂത്രവാതില്‍ എന്നാണ് ഈ വാതിലിനെ പഴമക്കാര്‍ വിളിച്ചു പോന്നിരുന്നത്.

ഹൈന്ദവ സംഘടനകള്‍ യോഗം ചേര്‍ന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട ആളുകള്‍ വിഷയം സമഗ്രമായി പഠിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതിന് ശേഷമാണ് ആചാര്യസഭയ്ക്ക് വിഷയം വിട്ടത്. ജലാശയത്തിൽ നിന്നും സർക്കാർ നിർദ്ദേശിക്കുന്ന അകലത്തിലും കൂടുതൽ സ്ഥലം വിട്ടാണ് ശാചാലയത്തിൻ്റെ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നത്. അതുകൊണ്ട് കുളം ഒരിക്കലും അശുദ്ധമാവില്ല. ആചാര്യന്മാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമീപകാലത്ത് ചില കോണുകളില്‍ നിന്നും ഉയര്‍ന്ന വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും അടിസ്ഥാനമില്ല എന്നു വിലയിരുത്തുന്നു. തന്ത്രിമാരുടെയും ഹൈന്ദവ ആചാര്യന്മാരുടെയും നിര്‍ദ്ദേശങ്ങള്‍ എല്ലാ ഭക്തരും മാനിക്കണം. വിവാദങ്ങള്‍ അവസാനിപ്പിച്ച് ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയ ക്ഷേത്രത്തിലെ പരിഹാരക്രിയകള്‍ അടക്കമുള്ള കര്‍മ്മങ്ങളില്‍ എല്ലാ ഭക്തരും സഹകരിക്കണമെന്ന് ഹൈന്ദവ സംഘടനകളുടെ നേതൃയോഗം ആവശ്യപ്പെടുന്നു.

എന്ന്കേരള ക്ഷേത്രസംരക്ഷണസമിതിക്കു വേണ്ടി വി.കെ. ചന്ദ്രൻ

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി
98470 41937

വിശ്വഹിന്ദു പരിഷത്തിനു വേണ്ടി-

കെ.കെ. സുഭാഷ് കുമാർ
വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി
99469 21997

ഹിന്ദു ഐക്യവേദിക്കു വേണ്ടി-

കെ.എസ്. സതീഷ് കുമാർ
ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി
94461 16209

Leave a Reply

Your email address will not be published. Required fields are marked *