കുരമ്പാലയിൽ ആറു വീടുകളിൽ മോഷണ ശ്രമം : ഒരു വീട്ടിൽ നിന്ന് നാലു പവൻ സ്വർണം മോഷ്ടിച്ചു

Crime
Print Friendly, PDF & Email

പന്തളം – കുരമ്പാലയിൽ മോഷണ പരമ്പര. രണ്ടു ഭാഗങ്ങളിലായി ആറു വീടുകളിൽ മോഷണശ്രമം. ഒരു വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. കുരമ്പാല തെക്ക് ഗൗരീശത്തിൽ ദിനേശ് കുമാറിന്റെ ഭാര്യ രജിതയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മറ്റു വീടുകളിൽ അടുക്കള ഭാഗം കേന്ദ്രീകരിച്ച് മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രജിതയുടെ രണ്ടേകാൽ പവന്റെ മാലയും രണ്ടു പവന്റെ കൊലുസുകളും ആണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോട് കൂടിയാണ് വീട്ടിൽ മോഷണം നടന്നത്. കുരമ്പാല തെക്ക് കരൂർ വീട്ടിൽ വിനോദ് കുമാർ, കോടിയാട്ട് ഗോപിനാഥക്കുറുപ്പ്, ശ്രീരാഗത്തിൽ ശ്രീകുമാർ എന്നിവരുടെ വീടുകളിലും, ഇവിടെ നിന്നും അര കിലോമീറ്റർ അകലെ കുരമ്പാലയിൽ പെരുമ്പാലൂർ ക്ഷേത്രത്തിന് സമീപമുള്ള ഭഗവതി വടക്കേതിൽ ലളിത, നന്മ വീട്ടിൽ പ്രസന്ന മുകളയ്യത്ത് മധു, കച്ചിറ മണ്ണിൽ രാജു എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.

എല്ലാ വീടുകളുടെയും അടുക്കള ഭാഗം ലക്ഷ്യമാക്കിയാണ് മോഷ്ടാക്കൾ എത്തിയത്. ചില വീടുകളിൽ അടുക്കള വാതിലിനു പുറത്തായി ഇരുമ്പ് പട്ട സ്ഥാപിച്ചിരുന്നതിനാൽ മോഷ്ടാക്കൾക്ക് തുറക്കാൻ കഴിഞ്ഞില്ല. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട ദിനേശ് കുമാറും കുടുംബവും മൂകാംബിക യാത്ര കഴിഞ്ഞ് ചൊവ്വാഴ്ച വൈകുന്നേരം ആണ് മടങ്ങിയെത്തിയത്. ക്ഷീണം കാരണം ഇവർ നല്ല ഉറക്കത്തിലായിരുന്നു.

കാലിൽ ആരോ തൊടുന്നതായി തോന്നിയ രജിത ബഹളം വച്ചതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. രജിതയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മേശപ്പുറത്തിരുന്ന ഇവരുടെ ബാഗ് മോഷ്ടാക്കൾ തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. വീട്ടിലെ അലമാരയും തുറന്നു പരിശോധിച്ചിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐഅനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *