ആറന്മുള – പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കാണാതായെന്ന് പരാതിയുള്ള സ്വര്‍ണ്ണ ഉരുപ്പടികള്‍ കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ വിഗ്രഹം പൊതിയാന്‍ സമര്‍പ്പിച്ച 58 പവന്‍ സ്വര്‍ണം കാണാനില്ല എന്ന ആരോപണം ഉയര്‍ന്നതോടെ ആണ് ഇന്ന് പരിശോധന നടക്കുന്നത്.
ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച സ്വര്‍ണം കാണാനില്ലെന്ന് വഴിപാടുകാരനായ അയിരൂര്‍ ചിലമ്പിനേത്ത് രാമചന്ദ്രന്‍ നായര്‍ പറഞ്ഞിരുന്നു. 2013 ലാണ് രാമചന്ദ്രന്‍ നായര്‍ 58 പവന്‍ സ്വര്‍ണ്ണം വഴിപാടായി സമര്‍പ്പിച്ചത്. പാര്‍ത്ഥസാരഥി വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ കുടം പോലുള്ള എന്തോ ഒന്ന് വീണു പരുക്കുണ്ടായിരുന്നു. ഇത് മുള കൊണ്ട് മറ്റോ കെട്ടിവച്ചിരിക്കുകയായിരുന്നു. ഇത് മാറ്റാനായാണ് ദേവസ്വം പ്രസിഡന്റായിരുന്ന ജി. രാമന്‍ നായരെ സമീപിച്ചത്. നിങ്ങള്‍ പണം മുടക്കുന്നതല്ലേ എന്താ വേണ്ടതെന്നു വച്ചാല്‍ ചെയ്‌തോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് തന്ത്രിയുടെ അനുമതി വാങ്ങിയാണ് സ്വര്‍ണം സമര്‍പ്പിച്ചത്. അതിനെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ല.
എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് വിഗ്രഹത്തിലെ സ്വര്‍ണം എടുത്തു മാറ്റി വെള്ളി പൊതിഞ്ഞതായി സൂചന ലഭിച്ചു. ഇത് വേഗത്തില്‍ നടപ്പിലാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണം ഇല്ലെന്നും പരിശോധിക്കട്ടെ എന്നും ദേവസ്വം ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വൈകാതെ വിഗ്രഹം വെള്ളി പൊതിയുകയും ചെയ്തു. ഇത്തരത്തില്‍ ക്ഷേത്രത്തില്‍ നിന്ന് പലപ്പോഴായി വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായിട്ടുണ്ട് എന്ന വിവരവും വരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്ന് പരിശോധന നടക്കുന്നത്.


