ഇലന്തൂര്‍: മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജന്മനാടായ ഇലന്തൂര്‍ ഗ്രാമവും പുന്നയ്ക്കല്‍ തറവാടും. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മധുര പലഹാരങ്ങള്‍ നല്‍കിയും പായസ വിതരണം നടത്തിയും പ്രദേശവാസികളുമായി പങ്കിടുകയാണ് കുടുംബാംഗങ്ങള്‍. ബാല്യകാലത്തെ ഇലന്തൂര്‍ പുന്നക്കലും അപ്പച്ചിയുടെ വീടായ അയിരൂര്‍ മുറിവേലിലും ആയിരുന്നു അദ്ദേഹം ചെലവഴിച്ചിരുന്നത്. അയിരൂരിലെ താമസത്തിനിടെ പമ്പാ നദിയിലെ കുളിയും പുതിയകാവ് ക്ഷേത്ര ദര്‍ശനവും മാരാമണ്‍ മൗണ്ട് തീയേറ്ററിലെ സിനിമ കാണലും എല്ലാം അദ്ദേഹം പലയിടത്തും എഴുതിയിട്ടുണ്ട്.
അവധി കഴിഞ്ഞുള്ള യാത്ര കോഴഞ്ചേരി – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറില്‍ ആയിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. അന്ന് പുന്നക്കല്‍ തറവാട്ടില്‍ ആയിരുന്നു താമസിക്കുന്നത്. ഇലന്തൂരിലെ പുരാതനമായ പുന്നയ്ക്കല്‍ തറവാട്ടില്‍ ഇപ്പോഴുള്ളത് മോഹന്‍ലാലിന്റെ വലിയമ്മാവന് മുന്‍ പഞ്ചായത്തു് പ്രസിഡന്റ് കൂടിയായിരുന്ന പരേതനായ പി.എസ്. ശ്രീധരന് പിള്ളയുടെയും സുകുമാരിയമ്മയുടെയും മകളായ ശ്രീലേഖ ഭര്‍ത്താവ് അഡ്വ. രവീന്ദ്രനാഥുമാണ്. മോഹന്‍ലാലിന് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ ശ്രീലേഖ ലാലുച്ചേട്ടന് എന്ന് വിളിക്കുന്ന മോഹന്‍ലാലിന് ആശംസ അറിയിച്ച് സന്ദേശം അയക്കുകയും അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിക്കുകയും ചെയ്തു. അല്‍പ്പ സമയത്തിനകം ഏറെ തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ സന്ദേശത്തിന് മറുപടി നല്‍കുകയും ചെയ്തു.
വാര്‍ത്ത അറിഞ്ഞതോടെ സന്തോഷം പങ്കിടാന്‍ ജ്യേഷ്ഠസഹോദരി ശ്രീലതയും ഭര്‍ത്താവ് നെയ്വേലി ലിഗ്നൈറ്റ് മുന്‍ ചെയര്മാന് രവീന്ദ്രനാഥ് എന്നിവരും മറ്റ് ബന്ധുക്കളും പ്രദേശവാസികളും പുന്നയ്ക്കല്‍ തറവാട്ടിലേക്കെത്തിത്തുടങ്ങിയിരുന്നു. വരുന്നവര്‍ക്കെല്ലാം ലഡുവും മിഠായിയും പായസവും നല്കി ശ്രീലേഖയും ഭര്‍ത്താവ് അഡ്വ. രവീന്ദ്രനാഥും സന്തോഷം പങ്കിട്ടു. മോഹന്‍ലാലിന്റെ നേട്ടത്തില്‍ കുടുംബാംഗം എന്നനിലയില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അഡ്വ. രവീന്ദ്രനാഥ് പറഞ്ഞു. കാവിലെ പൂജകള്‍ക്ക് മോഹന്‍ലാല്‍ തറവാട്ടില്‍ വരാറുണ്ട്. ഇടവേളകളില്‍ എല്ലാ വിവരങ്ങളും അന്വേഷിക്കാറുണ്ട്. തറവാട്ടിലെ അംഗമായസംവിധായകന് ബി. ഉണ്ണികൃഷ്ണനും ഇടവേളകളില്‍ ഇവിടേക്ക് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ നേട്ടം ഇലന്തൂര്‍ ഗ്രാമത്തിന്റെ കൂടിയാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ അംഗവുമായ കെ.പി മുകുന്ദന് പറഞ്ഞു. പുന്നയ്ക്കല്‍ തറവാടുമായി തന്റെ കുടുംബത്തിന് ഏറെ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ അഭിമാന നേട്ടത്തില്‍ ആഹ്ലാദിച്ച് തട്ടയില്‍ കല്ലുഴത്തില്‍ തറവാട്.
പന്തളം: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹബ് ഫാല്‍കെ പുരസ്കാര നിറവിൽ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിരാജിക്കുമ്പോള്‍ തട്ടയില്‍ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തില്‍ തറവാടിനും പറയാനുണ്ട് അല്പം മോഹന്‍ലാല്‍ കുടുംബപുരാണം. മോഹന്‍ ലാലിന്റെ മുത്തച്ഛന് ( അച്ഛന്റെ അച്ഛന്) മണപ്പാടത്ത് മേമ്മുറിയില്‍ രാമന് നായര്‍ ഒരു ദശാബ്ദക്കാലത്തോളം താമസിച്ച വീടാണ് തട്ടയില്‍ കല്ലുഴത്തില്‍ തറവാട്. പന്തളം തെക്കേക്കരയില്‍ സ്ഥലം സര്‍ക്കാര്‍ പ്രവര്ത്തിയാര് ( പ്രവര്ത്തിയാര് = ഇപ്പോഴത്തെ വില്ലേജ് ഓഫീസര്‍) ആയി ദീര്‍ഘകാലം ജോലി ചെയ്യേണ്ടി വന്നപ്പോഴാണ് മണപ്പാടത്ത് രാമന് നായര്‍ മകനും മോഹന്‍ലാലിന്റെ അച്ഛനു മായ വിശ്വനാഥന് നായരുമൊന്നിച്ച് കല്ലുഴത്തില്‍ തറവാട്ടില്‍ താമസമാക്കിയത്. മോഹന്‍ലാലിന്റെ അച്ഛന് വിശ്വനാഥന് നായരുടെ ബാല്യവും കൗമാരവും ഇവിടെയായിരുന്നു. കല്ലുഴ ത്തില്‍ കൃഷ്ണപിള്ള, വള്ളോന്നില്‍ നാരായണപിള്ള തുടങ്ങിയവരോടോക്കെയൊപ്പം ചതുരംഗം കളിയായിരുന്നു വിശ്വനാഥന് നായരുടെ ഹോബി. വിശ്വനാഥന് നായരുടെ ആദ്യ പെണ്ണുകാണല്‍ ചടങ്ങും കല്ലുഴത്തില്‍ വീട്ടില്‍ വച്ചുതന്നെയാണ് നടന്നത്. അന്തരിക്കുന്നതിന് ഏതാനും വര്‍ഷം മുന്‍പ് വരെയും അദ്ദേഹം ബാല്യകാല സ്മരണകള്‍ അയവിറക്കാന്‍ തറവാട്ടില്‍ എത്തുമായിരുന്നു. കല്ലുഴത്തില്‍ കെ. എന്‍. രാഘവന് പിള്ളയുടെ ഭാര്യാ സഹോദരി പുത്രിയെയാണ് വിശ്വനാഥന് നായരുടെ ജ്യേഷ്ഠസഹോദരി ഭാര്‍ഗവിയുടെ പുത്രന് ഉണ്ണി ( മോഹന്‍ലാലിന്റെ വല്യേട്ടന്) വിവാഹം കഴിച്ചിരിക്കുന്നതും. ഒന്നര നൂറ്റാണ്ടിന്റെ പ്രൗഡപാരമ്പര്യത്തിന്റെ കഥ പറയാനുള്ള കല്ലുഴത്തില്‍ തറവാട് എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനും ഗുരു നിത്യ ചൈതന്യയതിയും മുതല്‍ കേരളത്തിന്റെ നെല്‍വിത്ത് ബാങ്കര്‍ എന്ന് അറിയപ്പെടുന്ന പത്മശ്രീ ചെറുവയല്‍ രാമന് വരെയുള്ള നൂറുകണക്കിന് ശ്രേഷ്ഠവ്യക്തിത്വങ്ങള്‍ക്ക് ആതിഥ്യമരുളിയ പുരാതന നാലുകെട്ട് നായര്‍ തറവാടാണ്. വേഗവരയിലെ ലോക റെക്കോര്‍ഡ് ജേതാവും ചരിത്രഗവേഷകനുമായ ഡോ. ജിതേഷ്ജിയുടെ ഉടമസ്ഥതയിലാണ് ചരിത്രസ്മരണകള്‍ ഉണരുന്ന ഈ പുരാതനഭവനം. ഹരിതാശ്രമം മണ്ണുമര്യാദ പാരിസ്ഥിതിക ഗുരുകുലത്തിന്റെ ആസ്ഥാനമായും ഇന്നിവിടം പ്രവര്‍ത്തിക്കുന്നു.


