പന്തളം – ഹൈന്ദവ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള യഥാർത്ഥ വിശ്വാസികളുടെ കൂട്ടായ്മയായ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് പുരോഗമിക്കുന്നു. തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ ആണ് ഉച്ചക്ക് ശേഷം നടക്കുന്ന സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്യുക. പാർലമെന്റ് അംഗം തേജസ്വി സൂര്യ അടക്കം നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പതിനായിരക്കണക്കിന് ഹിന്ദു വിശ്വാസികളും, ഹൈന്ദവ ആചാര്യന്മാരും സംഗമത്തിൽ പങ്കാളികളാകും. വിശ്വാസത്തോടൊപ്പം ശബരിമലയുടെ വികസനം എന്നതാണ് സമ്മേളന സന്ദേശം.
വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകുന്നുണ്ട്. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. രാവിലെ ശബരിമല , വിശ്വാസം , വികസനം , സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്കൊപ്പം വിശ്വാസികളും, ഭാരവാഹികളും, പ്രവർത്തകരുമടക്കം പതിനയ്യായിരത്തോളം പേർ പങ്കെടുക്കും . ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും സംഗമത്തിനെത്തും . ശബരിമല സംരക്ഷണ സംഗമത്തിന് എത്തുന്ന ഭക്തജനങ്ങൾ കഴിയുന്നതും കറുപ്പ് വസ്ത്രം ധരിക്കണമെന്ന് സംഘാടക സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

പന്തളം നാനാക്ക് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് വാഴൂർ തീർത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീർത്ഥ പാദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ശബരിമല കർമ്മസമിതി ചെയർപേഴ്സൺ കെ പി ശശിയുടെ ടീച്ചർ അദ്ധ്യക്ഷത വഹിക്കുന്നു. ജനറൽ കൺവീനർ എസ് ജെ ആർ കുമാർ ദർശനരേഖ അവതരിപ്പിക്കും. ശബരിമലയുടെ വിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശബരിമല അയ്യപ്പ സേവാ സംഘം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തും.
ശബരിമലയുടെ വികസനം എന്ന വിഷയത്തിലാണ് രണ്ടാം സെമിനാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജിരാമൻ നായർ വിഷയാവതരണം നടത്തും. ശബരിമല സംരക്ഷണം എന്ന വിഷയത്തിൽ നടക്കുന്ന മൂന്നാമത്തെ സെമിനാറിൽ മുൻ ഡിജിപി ടി പി സെൻകുമാർ വിഷയാവതരണം നടത്തും.
വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയുള്ള ശ്രീവൽസം മൈതാനത്ത് ശബരിമല സംരക്ഷണ സംഗമം – സമ്മേളനം ബിജെപി തമിഴ്നാട് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് പി എൻ നാരായണവർമ്മ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷൻ വത്സൻ തില്ലങ്കേരി ആമുഖ പ്രഭാഷണം നടത്തും. സ്വാമി ശക്തി ശാന്താനന്ദ മഹർഷി, തേജസി സൂര്യ എംപി, പ്രജ്ഞാപ്രവാഹ ദേശീയ സമ്മേളനം ജെ നന്ദകുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറൽ കൺവീനർ കെ പി ഹരിദാസ് കൺവീനർ എസ് ജെ ആർ കുമാർ എന്നിവർ പ്രസംഗിക്കും.


