ഇലവുംതിട്ട – അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും, ഭക്തിയുടെയും കണ്ണന്റെ ഗോകുലത്തിലെ ആമ്പാടിക്കാലത്തേക്ക് നാടിനെ മടക്കിവിളിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം വിപുലമായി ഇലവുംതിട്ടയിലും ആഘോഷിക്കുന്നു. ” ഗ്രാമം തണലൊരുക്കട്ടെ.. ബാല്യം സഫലമാകട്ടെ.. ” എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം കേരളക്കരയിലാകെ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നത്. സെപ്റ്റംബർ 14 ഞായറാഴ്ച ബാലഗോകുലം മെഴുവേലി പഞ്ചായത്ത് ആഘോഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന്മാഷ്ടമി ആഘോഷങ്ങളിൽ എല്ലാ കൃഷ്ണ ഭക്തരുടെയും സാന്നിദ്ധ്യവും, സഹകരണവും ഉണ്ടാകണമെന്ന് സ്വാഗത സംഘത്തിന് വേണ്ടി, സുരേഷ്‌കുമാർ, അശ്വതി അയത്തിൽ ( അദ്ധ്യക്ഷൻ ), മോഹനൻ കെ ( ആഘോഷപ്രമുഖ് ), അജി ഭാസ്കരൻ കയ്യംത്തടം ( കൺവീനർ ), ഹരികൃഷ്ണൻ കെ ( സഹ ആഘോഷ പ്രമുഖ് ), പ്രസാദ് ജി ആറനോട് ( ഖജാൻജി ) എന്നിവർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

ഇത്തവണ മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട, മെഴുവേലി, ഇലവുംതിട്ട, എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നേടിയകാല ഗുരുമന്ദിര സന്നിധിയിൽ സംഗമിച്ച ശേഷം മുക്കട ജംഗ്‌ഷനിൽ വെച്ച് അയത്തിൽ നിന്നുമുള്ള ശോഭായാത്രയുമായി സംഗമിച്ച ശേഷം മഹാ ശോഭായാത്രയായി ഇലവുംതിട്ട മലനട സന്നിധിയിൽ എത്തുകയും ചെയ്യന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശോഭായാത്രകളിൽ, ഗോപികാ നൃത്തം, കോൽക്കളി, രാധാ മാധവ നൃത്തം, ഉറിയടി, കൃഷ്ണന്റെയും രാധാമാരുടെയും വേഷങ്ങൾ, താലപ്പൊലി, ചെണ്ടമേളം, അടക്കമുള്ള വർണ്ണാഭമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഭക്തിനിർഭരമായ ശോഭായാത്ര കടന്നുപോകുന്ന വഴികളിൽ ഭാവനങ്ങൾക്ക് മുമ്പിൽ നിലവിളക്ക് കൊളുത്തി സ്വീകരിക്കും.
ഇലവുംതിട്ട മലനടയിൽ 5 മണിക്ക് എത്തിച്ചേരുന്ന ശോഭായാത്ര പൊതുസമ്മേളനത്തിൽ 2017 ലെ നാരീശക്തി പുരസ്‌കാര ജേതാവും, സ്വന്തമായി അന്തിയുറങ്ങുവാൻ ഭാവനങ്ങളില്ലാതെ വിഷമിക്കുന്ന അശരണർക്ക് വീടുകൾ നിർമ്മിച്ച് നൽകി ഒട്ടേറെയാളുകളുടെ കണ്ണീർ തുടച്ച മഹത് വ്യക്തിത്വമായി ഡോ. എം.എസ് സുനിൽ ടീച്ചർക്ക് ആദരവ് സമ്മാനിക്കും. ഡോ. എം.എസ് സുനിൽ ടീച്ചറുടെ ഉദ്ഘാടനത്തിനും, മറുമൊഴിക്കും ശേഷം തിരുവാതിര, ഗോപികാനൃത്തം, കോൽക്കളി, രാധാമാധവഃ നൃത്തം, ഉറിയടി എന്നിവ നടക്കും.
ശേഷം മഹാശോഭായാത്ര ഇലവുംതിട്ട ദേവീക്ഷേത്ര സന്നിധിയിൽ 6.30 നു എത്തിച്ചേരുന്നതും, ഗോപികാ നൃത്തം, കൊലയാളി, രാധാമാധവഃ നൃത്തം ഉറിയടി, ദീപാരാധന, അവിൽപ്രസാദ വിതരണം എന്നിവയോടെ സമാപിക്കും. ഞായറാഴ്ച ഇലവുംതിട്ട ഗോകുലമാകും ; കൊച്ചു കണ്ണന്മാരും രാധികമാരും ഗോകുലത്തിൽ വിളയാടും . !!


